ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിപ്പിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ബസിനുള്ളില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് ബസ് കഴുകിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് എന്‍ ഷിജിയ്‌ക്കെതിരെ ആണ് നടപടി. മറ്റൊരു കെ എസ് ആര്‍ ടി സി ഡ്രൈവറുടെ മക്കളായ പെണ്‍കുട്ടികള്‍ക്കാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പോയി മടങ്ങും വഴി ദുരനുഭവമുണ്ടായത്.
പല്ലിന്റെ ചികിത്സക്കായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും സഹോദരിയും. ഇരുവരും യാത്ര ചെയ്തിരുന്നത് ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു. യാത്രക്കിടെ പെണ്‍കുട്ടി ബസിനുള്ളില്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്ത് ഡ്രൈവറായി ഷിജി പെണ്‍കുട്ടിയോട് കയര്‍ത്ത് സംസാരിക്കുന്നുണ്ടായിരുന്നു.

ബസ് വെള്ളറട സ്റ്റാന്റില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഇറങ്ങാന്‍ ഒരുങ്ങി. എന്നാല്‍ ഛര്‍ദ്ദില്‍ വൃത്തിയാക്കിയ ശേഷം ഇറങ്ങിയാല്‍ മതിയെന്ന് ഡ്രൈവര്‍ ഇരുവരോടും പറഞ്ഞു. അല്ലാതെ ഇറങ്ങാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഇരുവരേയും തടഞ്ഞ് വെക്കുകയും ചെയ്തു. സംഭവം വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സഹോദരി വെഹിക്കിള്‍സ് സൂപ്രണ്ട് ഓഫീസില്‍ നിന്ന് ബക്കറ്റും വെള്ളവുമെടുത്ത് ബസ് വൃത്തിയാക്കുകയായിരുന്നു.
ഇതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. പെണ്‍കുട്ടികള്‍ വീട്ടിലെത്തി പിതാവിനോട് കാര്യം പറഞ്ഞു. ഇതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. ബസ് വൃത്തിയാക്കാന്‍ ഡി ആര്‍ എല്‍ സ്റ്റാഫ് ഉള്ളപ്പോഴാണ് പെണ്‍കുട്ടികളെ കൊണ്ട് ബസ് കഴുകിപ്പിച്ചത്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കിയത്.
അതേസമയം ഛര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ ഇന്നലെയായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലാണ് പെണ്‍കുട്ടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍ എന്‍ സി 105 ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസിലെ ഡ്രൈവര്‍ ആണ് എസ് എന്‍ ഷിജി.












Click it and Unblock the Notifications