ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ അജ്ഞാതർ മെഴുകുതിരി കത്തിച്ചു, പ്രതിഷേധവുമായി ഭക്തർ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ സംവിധാനം മറികടന്ന് മെഴുകിതിരി കത്തിച്ചതായി പരാതി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അമ്പലത്തിൽ മെഴുകുതിരി കത്തിച്ച സംഭവം ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച ആണെന്നാണ് ആരോപണം തുലാഭാരമണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശം നൽകി. ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് കഴിഞ്ഞ ദിവസം കത്തിച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ രാമചന്ദ്രമൂർത്തി എന്നയാളാണ് കഴിഞ്ഞ ദിവസത്തെ പൂജകൾ ബുക്ക് ചെയ്തിരുന്നത്.
ഈ സംഘത്തിൽപ്പെട്ടവരാണ് മെഴുകുതിരി കത്തിച്ചതെന്നാണ് സംശയം. ക്ഷേത്ര തന്ത്രിമഠത്തിൽ നിന്ന് അകത്തേക്ക് കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങൾവരെ പരിശോധിക്കുന്ന ക്ഷേത്രത്തിൽ അജ്ഞാതർ മെഴുകുതിരി തെളിച്ചത് കനത്ത സുരക്ഷാവീഴ്ചയാണെന്ന് വിവിധ ഭക്തസംഘടനകൾ അഭിപ്രായപ്പെട്ടു. ഇതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ദർശനത്തിനെത്തുന്ന ഭക്തരെ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇത് മറികടന്ന് ക്ഷേത്രപൂജാവസ്തുക്കൾക്കൊപ്പം മെഴുകുതിരി എങ്ങനെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോയെന്നത് വ്യക്തമല്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications