വീട്ടുമുറ്റത്ത് തട്ടുകട ബാര്‍; മുന്തിയ ഇനം കോക്ടെയില്‍ വില്‍പനയ്ക്ക്, ഒടുവില്‍ എക്‌സൈസ് പിടിയില്‍
തിരുവനന്തപുരം: വീട്ടുമുറ്റത്ത് ബാറിന് സമാനമായ രീതിയില്‍ കോക്ടെയില്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. വാഹനത്തില്‍ അനധികൃതമായി കോക്ക് ടെയില്‍ ഉണ്ടാക്കി വില്‍ക്കുന്നു എന്ന് വീഡിയോ സഹിതം പരാതി കിട്ടിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്.
കുമാരപുരം പൊതുജനം ഇടവമടം ഗാര്‍ഡന്‍സില്‍ താമസിക്കുന്ന ഇഷാന്‍ നിഹാലിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്ന് മതിയായ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 38.94 ലിറ്റര്‍ ബിയറും,10.25 ലിറ്റര്‍ വിദേശ മദ്യവും, വാഹനവും കസ്റ്റഡിയിലെടുത്തു.

അതേസമയം, തിരുവനന്തപുരത്ത് പാലോട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന രമണി ആയുര്‍വേദ വൈദ്യശാല അങ്ങാടി കടയില്‍ നിന്ന് വിദേശമദ്യവും, ലൈസന്‍സും രേഖകളുമില്ലാതെ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന 91 കുപ്പി (40.95 ലിറ്റര്‍ ) അരിഷ്ടാസവങ്ങളും എക്‌സൈസ് പിടികൂടി. അനധികൃത മദ്യ കച്ചവടം നടത്തിയതിന് വാമനപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാറും സംഘവും ചേര്‍ന്ന് പാലോട് പ്ലാവറ സ്വദേശി അനില്‍ സദാനന്ദനെ അറസ്റ്റ് ചെയ്തു.
കുറച്ചു കാലമായി പ്രതി അരിഷ്ടക്കടയുടെ മറവില്‍ ബിവറേജ് ഷോപ്പുകളില്‍ നിന്നും മദ്യം വാങ്ങി ചെറു കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വില്‍ക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ആദര്‍ശ്, ഷിജിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹിമലത എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications