'മകന് കുറച്ച് താടിയുണ്ട്, പക്ഷേ തുണി അഴിപ്പിക്കുന്നതിന് മുമ്പ് സോഷ്യല്‍ പ്രൊഫൈല്‍ നോക്കാമായിരുന്നു'
തിരുവനന്തപുരം: മകനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞ് അബ്ദുൽ വഹാബ് എംപി. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിലാണ് തൻറെ മകനെ വസ്ത്രം ഊരി കസ്റ്റംസ് വിഭാഗം പരിശോധിച്ച കാര്യം പി വി അബ്ദുൽ വഹാബ് പറഞ്ഞത്. ഇതിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മകനെതിരെ ആരെങ്കിലും എഴുതികൊടുത്തിട്ടുണ്ടാകാം. കംപ്യൂട്ടറിൽ ചിലപ്പോ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാകാം. പക്ഷേ മകൻറെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ പ്രൊഫൈൽ ഒന്ന് നോക്കാവുന്നതായിരുന്നു എന്നാണ് അബ്ദുൽ വഹാബ് എംപി പറഞ്ഞത്.

എംപിയുടെ മകനാണെന്ന് അറിഞ്ഞിട്ടും പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് ശ്രീകാന്ത് എന്നയാളുടെ വിവാഹത്തിന് പോയ അന്ന് രാത്രിയായിരുന്നു തിരുവനന്തപുരത്ത് കസ്റ്റംസ് മകനെ വിവസ്ത്രനാക്കി പരിശോധിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ എടുത്തു.
എംപിയുടെ മകനാണെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി പരിശോധിച്ചു. ഇതാണ് ഇന്നത്തെ ചുറ്റുപാട്. സംശയം തോന്നാം, എന്നാൽ, സാധാരണഗതിയിൽ തുണിയഴിപ്പിക്കുകയല്ല ചെയ്യുക. സോഷ്യൽ പ്രൊഫൈലിങ് എന്നൊരു സംഗതിയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് അത് പരിശോധിക്കാമായിരുന്നു, എംപി പറയുന്നു.
നവംബർ ഒന്നിനാണ് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ അബ്ദുൽ വഹാബ് എംപിയുടെ മകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സ്വർണക്കടത്തുകാരനാണെന്ന് തെറ്റദ്ധരിച്ച് ഇദ്ദേഹത്തെ കസ്റ്റംസ് പരിശോധിക്കുകയും ആശുപത്രിയിലെത്തിച്ച് എക്സറേ എടുക്കുകയുമായിരുന്നു. സംഭവത്തിൽ അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മീഷണർക്ക് പരാതി നൽകി.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും അബ്ദുൽ വഹാബ് എം.പി നൽകിയ പരാതിയിൽ പറയുന്നു.
കസ്റ്റംസിന് ലഭിച്ച തെറ്റായ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് സൂചന. ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.












Click it and Unblock the Notifications