ചാക്കയിലെ കൊലക്കേസ് പ്രതിയുടെ അപകടമരണം കൊലപാതകമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ചാക്കയില്‍ വാഹനാപകടത്തില്‍ കൊലക്കേസ് പ്രതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ചാക്ക സ്വദേശിയായ സുമേഷാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ വഞ്ചിയൂര്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ചാക്കയ്ക്ക് സമീപം സര്‍വീസ് റോഡില്‍ കാറിടിച്ച് സുമേഷ് എന്നയാള്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാറും കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പൊലീസ് അറസ്റ്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് പേരും കാട്ടാക്കട സ്വദേശികളാണ്. സംഭവത്തിന് തൊട്ടുമുമ്പ് സുമേഷ് ബാറില്‍ നിന്ന് മദ്യപിച്ചിരുന്നു. കൂടാതെ കാറിലുണ്ടായിരുന്ന മൂന്ന് പേരുമായി ബാറില്‍വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇതിന് ശേഷം തിരിച്ചു പോകുമ്പോഴാണ് സുമേഷ് സഞ്ചരിച്ച് ബൈക്ക് അപകടത്തില്‍പ്പെടുന്നത്. കാറ് പിന്നാലെയെത്തി ഇടിച്ചുവീഴ്ത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സുമേഷ് സഞ്ചരിച്ച കാര്‍ ഇടിച്ചുവീഴ്ത്തിയതിന് ശേഷം അതിവേഗം ഓടിച്ച് പോകുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.
2014ല്‍ കാരാളി അനുപ് എന്ന ഗുണ്ട നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ്. അനൂപുമായി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പത്തംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘത്തില്‍ സുമേഷും ഉണ്ടായിരുന്നു. ഈ കൊലപാതകവുമായി സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. കാറില്‍ എത്തിയവര്‍ക്ക് ഗുണ്ടാ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ബാര്‍ ജീവനക്കാരുടെ മൊഴി എടുക്കും. സുമേഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന ആള്‍ ചികിത്സയിലാണ്.












Click it and Unblock the Notifications