ബിജെപി കേരളം ഇങ്ങെടുക്കുമോ? പ്രാക്ടിക്കലാകണമല്ലോ എന്ന് കൃഷ്ണകുമാര്‍, മല്‍സരിക്കാന്‍ താല്‍പ്പര്യം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഉയരുകയാണ്. ബിജെപിയാണ് ഇതില്‍ ഒരുപടി മുന്നില്‍. ദേശീയ തലത്തില്‍ വലിയ ഒരുക്കമാണ് പാര്‍ട്ടി നടത്തുന്നത്. വൈകാതെ 150 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ 350 സീറ്റുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ ഒരുക്കം.
303 സീറ്റുമായിട്ടാണ് ബിജെപി 2019ല്‍ അധികാരത്തിലെത്തിയത്. ഉത്തര്‍ പ്രദേശിലെ മികച്ച പ്രകടനം പാര്‍ട്ടിക്ക് വലിയ സഹായകമായി. ഇത്തവണ നേരത്തെ ജോലി തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കാനുള്ള പദ്ധതിയും ബിജെപി ഒരുക്കുകയാണ്. കേരളത്തില്‍ ആറ് സീറ്റുകളിലാണ് ബിജെപി കേന്ദ്രീകരിക്കുന്നതത്രെ.

തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ലോക്‌സഭാ മണ്ഡലങ്ങള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. തൃശൂരില്‍ സുരേഷ് ഗോപി തന്നെ മല്‍സരിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ ദേശീയ നേതാക്കള്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നടന്‍ കൃഷ്ണകുമാറിന് മല്‍സരിക്കാന്‍ താല്‍പ്പര്യം തിരുവനന്തപുരത്താണ്.
ഏഷ്യാനെറ്റുമായി സംസാരിക്കവെയാണ് കൃഷ്ണകുമാര്‍ തന്റെ മല്‍സരിക്കാനുള്ള താല്‍പ്പര്യം തുറന്നുപറഞ്ഞത്. മല്‍സരിക്കാന്‍ ഇഷ്ടമാണ്. താല്‍പ്പര്യമുള്ള വ്യക്തിയാണ്. ഏത് മണ്ഡലം വേണമെന്ന് ചോദിച്ചാല്‍, ജനിച്ചുവളര്‍ന്ന തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുക്കും. നേരത്തെ ഇവിടെ മല്‍സരിച്ചിരുന്നു. ജനങ്ങളുടെ അംഗീകാരം ലഭിച്ചിരുന്നു എന്ന കാര്യവും കൃഷ്ണകുമാര്‍ സൂചിപ്പിച്ചു.
എത്ര സീറ്റ് കേരളത്തില്‍ ഇത്തവണ ബിജെപിക്ക് കിട്ടുമെന്ന ചോദ്യത്തോടും കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രവചിക്കാന്‍ തയ്യാറല്ല. പക്ഷേ, ബിജെപിക്ക് സാധ്യതയുണ്ട്. കേരളം ഇങ്ങെടുക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ പറയാന്‍ ഞാനാളല്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രാക്ടിക്കലായി ചിന്തിക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് നടന്‍ കൃഷ്ണകുമാര്‍. അടുത്തിടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ കൃഷ്ണകുമാറിനെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് പ്രചാരണമുണ്ടായിരുന്നു. നേതൃത്വത്തെ അദ്ദേഹം അതൃപ്തി അറിയിച്ചുവെന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇത് തെറ്റാണെന്നും തനിക്ക് പരിഭവമില്ലെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
പ്രകാശ് ജാവ്‌ദേക്കര്‍ കേരളത്തിലെ ബിജെപിയുടെ ചുമതല ഏറ്റെടുത്ത ശേഷം പാര്‍ട്ടി കൂടുതല്‍ സജീവമായി എന്ന വിലയിരുത്തലുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും മണിപ്പൂര്‍ കലാപത്തെ തുടര്‍ന്നുള്ള സാഹചര്യം തിരിച്ചടിയായി. എങ്കിലും ഇത്തവണ കേരളത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.












Click it and Unblock the Notifications