'തിരുവനന്തപുരത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ';കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് കൃഷ്ണ കുമാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കാനുള്ള നടപടികൾ അധികം താമസിയാതെ ആരംഭിക്കും എന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ ഉറപ്പ് നൽകിയതായി നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂമി ലഭ്യതയും അനുകൂലമായ കാലാവസ്ഥയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദതിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള അനുകൂല ഘടകങ്ങളാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

കൃഷ്ണ കുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട സഹോദരങ്ങളെ,
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ഒരു സുപ്രധാന കാൽവയ്പപ്പിന് ഭാഗമാകാൻ ഇന്നെനിക്ക് സാധിച്ചതിന്റെ സന്തോഷം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി ശ്രീ. സർബാനന്ദ സോണോവാൾ ജിയെ സന്ദർശിച്ചു നിവേദനം നൽകി.
മറുപടിയായി തിരുവനന്തപുരത്ത് AIIA സ്ഥാപിക്കാനുള്ള നടപടികൾ അധികം താമസിയാതെ തന്നെ ആരംഭിക്കുമെന്ന് സോണോവാൾ ജി എനിക്ക് ഉറപ്പുനൽകി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും ഉയർന്ന ആയുർവേദ ഔഷധ ഗവേഷണ സ്ഥാപനമാന്.
സാംസ്കാരിക പൈതൃകവും 1889-ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സർക്കാർ ആയുർവേദ ആശുപത്രി ഉൾപ്പടെ ആയുർവേദവുമായുള്ള ചരിത്രപരമായ ബന്ധവുമുള്ള തിരുവനന്തപുരം അത്തരമൊരു സുപ്രധാന സ്ഥാപനത്തിന് അനുയോജ്യമായ സ്ഥലമാണ്. തിരുവനന്തപുരത്തിന് സമീപമുള്ള സമുദ്രനിരപ്പിൽ നിന്ന് 6201 അടി ഉയരത്തിലുള്ള അഗസ്ത്യകൂടം അപൂർവമായ ഔഷധ സസ്യങ്ങൾക്ക് പേരുകേട്ടതാണ്. സിദ്ധ, ആയുർവേദ ചികിത്സകൾക്കായി ഉപയോഗിക്കുന്ന 2000ത്തോളം ഔഷധ സസ്യങ്ങൾ അവിടെ കാണപ്പെടുന്നു.
ഈ വിഭവങ്ങളുടെ സമൃദ്ധി AIIA-യിലെ ഗവേഷണത്തിനും പഠനത്തിനും ഫലപ്രദമായി പ്രയോജനപ്പെടും. കൂടാതെ കോവളം, വർക്കല, പൂവാർ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തമായ ബീച്ചുകളും പൊൻമുടി, തെന്മല തുടങ്ങിയ ഉയർന്ന ശ്രേണികളുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തിന് ആഗോള ശ്രദ്ധയാകർഷിക്കാൻ കഴിയും, അങ്ങനെ ആയുർവേദ സേവനം അന്താരാഷ്ട്ര സന്ദർശകർക്ക് കൂടുതൽ പ്രാപ്യമാകും .
ഭൂമി ലഭ്യതയും അനുകൂലമായ കാലാവസ്ഥയും AIIA തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള അനുകൂല ഘടകങ്ങളാണ്. തിരുവനന്തപുരത്ത് AIIA സ്ഥാപിക്കുന്നത് നഗരത്തിനും കേരളത്തിനും മാത്രമല്ല, മുഴുവൻ രാജ്യത്തിനും ലോകത്തിനും ആയുർവേദ മേഖലയിൽ വലിയ സംഭാവന നൽകാൻ സാധിക്കും .
പരമ്പരാഗത ആയുർവേദത്തിന്റെ വിജ്ഞാനവും പ്രവൃത്തി പരിചയവും എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള ഈ സുപ്രധാന ചുവടുവെപ്പിനെയും തിരുവനന്തപുരത്തെ ജനങ്ങൾ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. ജയ്‌ഹിന്ദ് , കൃഷ്ണ കുമാർ പറഞ്ഞു.












Click it and Unblock the Notifications