നിയമസഭാ തിരഞ്ഞെടുപ്പിന് മോദിയെത്തുമ്പോള്‍ സ്വീകരിക്കുക ബിജെപി മേയര്‍ ആയിരിക്കും: കൃഷ്ണകുമാര്‍
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി എറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ജില്ലയാണ് തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ ജില്ലയില്‍ വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ വിജയം തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഭരണം പിടിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനേയും കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ സിനിമാതാരം കൃഷ്ണകുമാറിനെയടക്കം രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.

നമ്മള് ജയിക്കും നമ്മള് ഭരിക്കും
നമ്മള് ജയിക്കും നമ്മള് ഭരിക്കും എന്ന തലക്കെട്ടോടെ പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ നേരത്ത തന്നെ പ്രചാരണ രംഗത്തേക്ക് ഇറങ്ങിയിരുന്നു. ഇതിനോടകം തന്നെ നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുത്തുകഴിഞ്ഞു. നടനെന്ന നിലയിലുള്ള കൃഷ്ണകുമാറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്നാണ് ബിജെപിയുടേയും പ്രതീക്ഷ.

ബിജെപിയുടെ മേയർ
പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപിയുടെ മേയർ ആയിരിക്കുമെന്നാണ് കൃഷ്ണകുമാര്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

കൃഷ്ണകുമാര്‍
'ഇന്നലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കൊണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർഥികൾ. വളരെ നല്ല സ്ഥാനാർഥികൾ. പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപി യുടെ മെയർ ആയിരിക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും-കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താമര വിരിയിക്കും
കഴിഞ്ഞ തവണ പിടിച്ചെടുക്കാന്‍ കഴിയാതെ പോയ കോര്‍പ്പറേഷനില്‍ ഇത്തവണ താമര വിരിയിക്കുമെന്ന ഉറച്ച വാശിയിലാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശക്തമായ മത്സരമായിരുന്നു കഴിഞ്ഞ തവണ ബിജെപി കോര്‍പ്പറേഷനില്‍ കാഴിചവെച്ചത്. എല്‍ഡിഎഫ് 43 സീറ്റ് നേടി മുന്നിലെത്തിയപ്പോള്‍ 35 സീറ്റുകള്‍ കരസ്ഥമാക്കി രണ്ടാമത് എത്താനായിരുന്നു.

ബിജെപിക്ക് നഷ്ടമായത്
ചില സീറ്റുകള്‍ നിസ്സാര വോട്ടുകള്‍ക്കായിരുന്നു ബിജെപിക്ക് നഷ്ടമായത്. ബിജെപിയുടെ മുന്നേറ്റത്തില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് യുഡിഎഫിനായിരുന്നു. 21 സീറ്റുകള്‍ മാത്രം ലഭിച്ച യുഡിഎഫ് മുന്നാംസ്ഥാനത്തായി. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു.

സാമുദായിക സമവാക്യം
നഗരമേഖലയിലെ ബിജെപി പോക്കറ്റുകളും സാമുദായിക സമവാക്യങ്ങളും ഇത്തരം വിജയം കൊണ്ടുവരുമെന്ന് തന്നെ ബിജെപി ഉറച്ച് വിശ്വസിക്കുന്നു. അതേസമയം, ഭരണം ലഭിച്ചെങ്കിലും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ തവണ ഇടതുമുന്നണിയെ ഞെട്ടിച്ചിരുന്നു. മേയർ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ച സി ജയൻബാബു പാങ്ങോട് വാർഡിൽ പരാജയപ്പെടുകയും ചെയ്തു.

ജാഗ്രതയോടെ സിപിഎം
ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് സിപിഎം കോര്പ്പറേഷന് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രധാന്യം നല്‍കിയിട്ടുണ്ട്. നിലവിലെ മേയർ ശ്രീകുമാർ അടക്കം 13 കൗൺസിലർമാർക്കു വീണ്ടും മത്സരിക്കാൻ അവസരം നൽകിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും സീറ്റ് വീതം വെയ്പ്പ് നേരത്തെ പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു.

സിപിഎം മത്സരിക്കുന്നത്
നൂറിൽ 70 വാർഡുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. 17 ഇടത്ത് സിപിഐയും രണ്ട് വാര്‍ഡുകളില്‍ വീതം ലോക് താന്ത്രിക് ജനതാദളും ജനതാദൾ എസും ഓരോ വാർഡുകളിൽ വീതം കോൺഗ്രസ് എസ്, ഐഎൻഎൽ, എൻസിപി പാർട്ടികളും മത്സരിക്കുന്നു. കോര്‍പ്പറേഷനിലെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് യുഡിഎഫിനുള്ളത്.

വിമതരും
അതേസമയം, മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയായി വിമതരും രംഗത്തുണ്ട്. പരമാവധി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പല വാര്‍ഡിലും വിമതര്‍ മത്സര രംഗത്ത് തുടരുകയാണ്. നൂറു വാർഡുകളാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്. ആകെ 7,88,197 വോട്ടർമാർ. ഇതിൽ 3,77,535 പേർ പുരുഷന്മാരും 4,10,660 സ്ത്രീകളും. രണ്ടു ട്രാൻസ്ജെൻഡർ വോട്ടർമാരും വോട്ടർപട്ടികയിലുണ്ട്...