അഞ്ച് ദിവസം പിന്നിട്ടിട്ടും അരുന്ധതി കോൺഷ്യസ് ആയിട്ടില്ല; പുതിയ വിവരവുമായി നടി ഗൗരി കൃഷ്ണ
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അരുന്ധതി. ഇപ്പോൾ അരുന്ധതിക്കായി സഹായം അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് നടി ഗൗരി കൃഷ്ണ. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ആണ് അരുന്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഗൗരി വിശദീകരിച്ചിരിക്കുന്നത്.
ഇന്ന് ആറ് ദിവസമായി അരുന്ധതിക്ക് അപകടം സംഭവിച്ചിട്ട്. ബൈക്ക് അപകടം ആയിരുന്നു. ബൈക്ക് ഓടിച്ച ആൾക്ക് നേരിയ ഒരു ഓർമ്മ മാത്രമേ ഉള്ളൂ. ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓർമ്മ. അരുന്ധതി ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു. നല്ല ശക്തിയിലുള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് നല്ല പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ വ്യക്തത ഇതുവരെയും കിട്ടിയിട്ടില്ല.

അഞ്ച് ദിവസം പിന്നിട്ടിട്ടും അരുന്ധതി കോൺഷ്യസ് ആയിട്ടില്ല. ക്രിറ്റിക്കൽ സ്റ്റേജിലാണ്. വലത് വശത്തേക്കാണ് വീണത്. നട്ടെല്ലിനും കഴുത്തിനും കാര്യമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.
ജീവന് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോൾ ഉള്ളത് തലയിലെ പരിക്കുകൾ ആണെന്നും നല്ല ചികിത്സ പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല അരുന്ധതി ഇപ്പോൾ ഉള്ളതെന്നും ഒരു ശാസ്ത്രക്രിയ ചെയ്യാനോ ആ കുട്ടിക്ക് എന്താണ് പ്രോബ്ലം എന്ന് എക്സാമിൻ ചെയ്യാനോ പറ്റുന്ന അവസ്ഥയിൽ അല്ല ഉള്ളതെന്നും ഗൗരി പറയുന്നു.
ഇന്നലെ ആണ് എം ആർ ഐ ചെയ്തത്. ഡോക്ടർമാർ 10 ശതമാനം സാധ്യതയാണ് പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങൾ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോൾ അത്യാവശ്യമാണ്, ഗൗരി പറഞ്ഞു.
അവളെ സഹായിക്കാൻ കഴിയുന്നവർ പരമാവധി സഹായിക്കണം. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണമെന്നും ഗൗരി പറഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ നെഗറ്റീവ് കമന്റുകൾ ഒഴിവാക്കണം എന്നും ഗൗരി പറഞ്ഞു. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി അഭിനയത്തിലേക്ക് എത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. 2018 ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു.












Click it and Unblock the Notifications