ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടയുന്നു; വലഞ്ഞ് ജനം
തിരുവനന്തപുരം: രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് പുരോഗമിക്കുന്നു. കഞ്ചിക്കോട് കിൻഫ്രാപാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടയുന്നു. തൊഴിലാളികളെ ബലം പ്രയോഗിച്ച് തിരിച്ചയക്കുകയാണ് സമരാനുകൂലികൾ. 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതോടെ രണ്ട് ദിവസം ജനജീവിതം ദുരിതത്തിലാകും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല.
മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടേയും പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിക്കും. എന്നാല്‍ കേരളത്തിൽ ട്രഷറികള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിൽ ഉയർത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യം.

കേരളത്തിൽ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ വാഹന ഗതാഗതവും പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി റേഷൻകടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പല സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയെങ്കിലും അർധരാത്രിയോടെ സർവീസ് അവസാനിപ്പിച്ചിരുന്നു. ഇതോടെ ബുധനാഴ്‌ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകുകയുള്ളു. സംസ്ഥാനത്തെ ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

അതേ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈയിൽ നഗരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും പതിവുപോലെ സർവീസ് തുടരുന്നുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാത്ത അവധികൾ ഇന്നും നാളെയും അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നും നാളെയും ജോലിക്കെത്താത്തവർക്ക് ശമ്പളം നഷ്ടമാകുമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അതേ സമയം
തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാർ പ്രത്യക്ഷ സമരത്തിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. എന്നാൽ ബാങ്കിംഗ് മേഖലയെ പണിമുടക്ക് ബാധിക്കാനാണ് സാധ്യത.












Click it and Unblock the Notifications