സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റില്‍
നേരത്തെ മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ നടന്ന ആക്രമം വലിയ ചര്‍ച്ചയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മ്യൂസിയം വെള്ളയമ്പലം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ട് ഇന്ന് രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വൈകുന്നേരത്തോടെ പ്രതിയായ പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ റിമാന്‍ഡ് ചെയ്യും.
മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വഞ്ചിയൂര്‍ കോടതി പരിസരത്തും പ്രഭാത നടത്തത്തിന് ഇറങ്ങുന്നവര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയില്‍ രാത്രി ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബൈക്കിലെത്തിയ യുവാവ് കയറിപ്പിടിച്ചതാണ് അവസാനം റിപ്പോര്‍ട്ട് ചെയ്ത സംഭവം.
പണ്ഡിറ്റ് കോളനിയില്‍ യുവധാര ലൈനില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബസിവല്‍ വന്നിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് പിന്നിലൂടെ വന്ന് കയറിപ്പിടിച്ചത്. നാല് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് നടന്നുവരുന്നതും അവര്‍ക്ക് അരികിലേക്ക് ബൈക്കുമായി ആക്രമി നീങ്ങുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
നേരത്തെ മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ നടന്ന ആക്രമം വലിയ ചര്‍ച്ചയായിരുന്നു. പ്രതിയെ പിടിക്കാന്‍ എടുത്ത കാലതാമസമാണ് ചര്‍ച്ചകള്‍ക്ക് പ്രധാന കാരണമായത്. ഇത് വലിയ വിവാദത്തിനാണ് കാരണമായത്. സംസ്ഥാന പൊലീസ് സേനയ്‌ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും തിരുവനന്തപുരം നഗരത്തില്‍ സമാനമായ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications