ദത്ത് വിവാദം അന്വേഷണം അവസാനഘട്ടത്തിൽ; വകുപ്പ് തല വീഴ്ചകൾക്ക് പിടി വീണേക്കും
ദത്ത് വിവാദം അന്വേഷണം അവസാനഘട്ടത്തിൽ; വകുപ്പ് തല വീഴ്ചകൾക്ക് പിടി വീണേക്കും
തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഉദ്ദ്യോഗസ്ഥരുടെ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക്. കേസിൽ പല തെളിവുകളും മൊഴികളും അന്വേഷണത്തെ സംബന്ധിച്ച് നിർണ്ണായേക്കുമെന്നാണ് സൂചന.
കുഞ്ഞിനെ തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വകുപ്പ് തല അന്വേഷണത്തില്‍ നിര്‍ണായകം ആയേക്കും.

കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് അമ്മ അനുപമയുടെ പരാതി കിട്ടിയിരുന്നു. എന്നാൽ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍റെ നടപടിയും ഗുരുതര വീഴ്ച തന്നെയാണ്. അതേസമയം, കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെ തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകൾ ഉണ്ട്. അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ അദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു.

എന്നാൽ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഈ സമയത്ത് എന്തെങ്കിലും തരത്തിലുളള നടപടിയോ നിർദ്ദേശമോ നൽകിയിരുന്നു എങ്കില്‍ ദത്ത് തടയാമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒപ്പം ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായ കേസിലെ ഗുരുതര വീഴ്ചകള്‍ തെളിയിക്കാൻ ഉളള മൊഴികളും രേഖകളും കിട്ടിയിരുന്നു. ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുൻപാകെ എത്തിയിരുന്നു. ഈ ദിവസം തന്നെ അനുപമ ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അധികൃതർ തീരുമാനം എടുത്തില്ല.

ഒക്ടോബര്‍ 14 ന് സംഭവം ദൃശ്യമാധ്യമത്തിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16 ന് കുടുംബ കോടതിയില്‍ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന് കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്.
അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ ഈ വിവരം അറിയിക്കാൻ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടികളെ കാണാതായ കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിധിയില്‍ വരും എന്നിരിക്കെ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ പോലീസിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നേനെ.
കേസിൽ പുറത്ത് വന്നിരിക്കുന്ന ഈ തെളിവുകളിലൂടെ തന്നെ ശിശു ക്ഷേമ സമിതിയുടെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും വീഴ്ചകള്‍ വ്യക്തമാണ്. വിശദമായ അന്വേഷണത്തിലെ മൊഴികള്‍ കൂടെ പുറത്ത് വരുന്നതോടെ വകുപ്പ് തലത്തിലെ വീഴ്ചകൾ വെളിയിൽ ആകാനാണ് സാധ്യത.

അതേസമയം, ഇന്നലെ ദത്ത് വിവാദത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പുറത്ത് വന്നിരുന്നു. ആന്ധ്ര ദമ്പതികൾക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ കേരളത്തിൽ എത്തിക്കാനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് ഇട്ടിരുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഇന്നലെ തന്നെ ഇത് സംബന്ധിക്കുന്ന ഉത്തരവ് സിഡബ്ല്യുസി കൈമാറി കഴിഞ്ഞിരുന്നു.
അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിൽ എത്തിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് തന്നെ ഈ ഉത്തരവ് അനുപമക്ക് കൈമാറി. ഉത്തരവ് പ്രകാരം കുട്ടിയെ കേരളത്തിൽ എത്തിച്ച ശേഷം ഡി എൻ എ പരിശോധന നടത്തും. ഇതോടെ തിരുവനന്തപുരത്തെ ദത്ത് വിവാദ വിഷയത്തിൽ വഴി തിരിവ് ഉണ്ടായിരിക്കുകയാണ്. കുട്ടിയെ കേരളത്തിൽ എത്തിക്കുമ്പോൾ പ്രത്യേക പൊലീസ് സംഘം അനുഗമിക്കണമെന്നും ഉത്തരവിൽ പ്രതേൃകം നിർദേശിക്കുന്നു.












Click it and Unblock the Notifications