അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് ആസാം സ്വദേശികൾ പിടിയിൽ!!
തിരുവനന്തപുരം: ഒന്നര കിലോ കഞ്ചാവുമായി അസാം സ്വദേശികൾ അറസ്റ്റിൽ. അസാമിലെ ഹോജായ് ജില്ല സ്വദേശികളായ സുജിത് ഷിൽ (36), മൃണാൾ അസർജി (25) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റുചെയ്തത്. മണ്ണന്തല, മുക്കോല ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടിയിലായത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിന്റെ നിർദ്ദേശാനുസരണം മണ്ണന്തല എസ്.ഐ രാകേഷ്, അഡിഷണൽ എസ്.ഐ കൃഷ്ണലാൽ, ക്രൈം എസ്.ഐ ബാബു സി.പി.ഒമാരായ സിബി, രതീഷ്, നാസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് ഇവർ ചെറുപൊതികളാക്കി വില്പന നടത്തുകയാണ് പതിവ്.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളും ഇവരിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നുണ്ട്. പൊലീസ് പിടികൂടിയ കഞ്ചാവ് നാഗാലാന്റിൽ നിന്നും വാങ്ങി കടത്തിക്കൊണ്ട് വന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും പരിശോധന തുടരുമെന്ന് മണ്ണന്തല എസ്.ഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.












Click it and Unblock the Notifications