പൂവച്ചലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം
കാട്ടാക്കട: പൂവച്ചലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും നാല് വീടുകൾക്ക് നേരെയും ആക്രമണം. തിങ്കളാഴ്ച രാത്രിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. മൂന്ന് കോൺഗ്രസുകാരുടെയും ഒരു സി.പി.എം വാർഡ് മെമ്പറുടെ വീടുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയിൽ പൂവച്ചൽ ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.
ഓഫീസിൽ മുൻവശത്ത് സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിച്ചു. ഓഫീസിനുള്ളിലെ മേശയും കസേരയും മൈക്ക് സെറ്റും അടിച്ചുതകർത്തു. ഈ കെട്ടിടത്തിന് മുകളിലത്തെ നിലയിൽ ആൾതാമസമുള്ള കെട്ടിടത്തിന്റെ ജനൽച്ചില്ലുകളും കല്ലേറിൽ തകർന്നു. പൂവച്ചൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴിയുടെ വീട്ടിൽ അക്രമികൾ കല്ലെറിഞ്ഞു. കല്ലേറിൽ വീടിന്റെ മുൻ വശത്തെ ജനൽചില്ലുകൾ തകർന്നു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പൂവച്ചൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും എൻ.എസ്.എസ് കരയോഗം പ്രസിഡന്റും, പൂവച്ചൽ റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായ സുകുമാരൻ നായരുടെ വീടിനു നേരെയും ആക്രമണമുണ്ടായി. കല്ലേറിൽ വീടിന്റെ ഓട് തകർന്നു. കാപ്പിക്കാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിന്റെ വീട്ടിലെത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കല്ലെറിയുകയുമായിരുന്നു. ഷാനിന്റെ മാതാവ് ബഹളം വച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പൂവച്ചൽ പഞ്ചായത്തിലെ പൂവച്ചൽ വാർഡ് മെമ്പറും സി.പി.എം നേതാവുമായ ജി.ഒ. ഷാജിയുടെ വീടിന് നേരെയും കല്ലേറുണ്ടായി. വീടിന്റെ മുൻ വശത്തെ ജനൽച്ചില്ലുകൾ തകന്നു. അക്രമമുണ്ടായ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.












Click it and Unblock the Notifications