തിരുവനന്തപുരത്ത് യുവാവിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം: കാലിന് വെട്ടേറ്റു!
നെയ്യാറ്റിൻകര: പിഎസ്സി കോച്ചിംഗിന് പോയി മടങ്ങിവരികയായിരുന്ന യുവാവിനെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. പെരുങ്കടവിള ആലത്തൂർ കിഴക്കതിൽ വീട്ടിൽ അഖിലിനെ(20) യാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാലിന് വെട്ടും തലയിലും ശരീരമാസകലവും ഇരുമ്പുദണ്ഡ് കൊണ്ട് അടിയേറ്റ മുറിവുമായി യുവാവിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യങ്കോട് പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി പിഎസ്സി കോച്ചിംഗിന് പോകുകയാണ് അഖിൽ. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. രാത്രി 10 ഓടെ കോച്ചിംഗ് ക്ലാസിന് ശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ ആലത്തൂർ ചാനൽ പാലത്തിന് സമീപം മാരകായുധങ്ങളുമായി എത്തിയ സംഘം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.

' ധനുവച്ചപുരം കോളേജിൽ നീ എസ്എഫ്‌ഐ പ്രവർത്തനം നടത്തുമോടാ ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വാളുകൊണ്ട് വെട്ടിയതിൽ കാലിലെ മാംസം ചിന്നിച്ചിതറി. നിലവിളികേട്ട് ഓടിയെത്തിയവരാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പെരുങ്കടവിളയിൽ ധനുവച്ചപുരം കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരായ അനുജയുടെയും ദിവ്യയുടെയും വീട് ആക്രമിച്ച സംഭവത്തിലെ ഒരു പ്രതിയും മുട്ടയ്ക്കാട് സ്വദേശിയും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളില്ലാത്ത അഖിൽ അമ്മുമ്മ വസന്തയോടൊപ്പമാണ് താമസം.












Click it and Unblock the Notifications