തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം. മദ്യപസംഘമാണ് ആക്രമണം നടത്തിയത്. വെഞ്ഞാറമൂട് ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. രാത്രിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു എസ്ഐ. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പെട്രോളിംഗിനിടയിൽ മദ്യപിച്ചിരുന്ന സംഘത്തിലെ റോഷൻ എന്ന വ്യക്തി എസ് ഐയെ മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിൽ തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം മാറനല്ലൂരിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കുകയും ജീപ്പ് എറിഞ്ഞ് തകർക്കുകയും ചെയ്തിരുന്നു.
കേസിലെ രണ്ടാം പ്രതി മുതിയാവിള കാരുണ്യം വീട്ടിൽ അമൻ (20) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 18 ന് കണ്ടല ഗ്രൗണ്ടിന് സമീപം കഞ്ചാവ് മാഫിയ സംഘം ബൈക്ക് അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു അന്വേഷിക്കാനെത്തിയ മാറനല്ലൂർ പൊലീസിനു നേരെയാണ് കഞ്ചാവ് മാഫിയ ആക്രമണം നടത്തിയത്.
എന്നാൽ, ആറു മാസം മുൻപ് നെയ്യാർ ഡാം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും ജീപ്പ് അടിച്ചു തകർക്കുകയും ചെയ്ത കേസിലും പ്രതിയാണ് അമനെന്നു പൊലീസ് പറഞ്ഞിരുന്നു. മാറനല്ലൂർ ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ്, റൂറൽ ഡാൻസാഫ് ടീം അംഗങ്ങളായ നെവിൽരാജ്, സതികുമാർ,വിജേഷ്,ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയിരുന്നത്.
അതേ സമയം, 2 മാസങ്ങൾക്ക് മുൻപ് പോത്തൻകോട് ഗുണ്ടാ ആക്രമണം നടന്നിരുന്നു. വെഞ്ഞാറാമൂട് സ്വദേശിയായ ഷായ്ക്കും, പതിനേഴുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയിൽ പോത്തൻകോട് വച്ചാണ് ഇവരെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗുണ്ടകൾ, അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. മുടിയിൽ കുത്തി പിടിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകൾ തങ്ങളെ മർദ്ദിച്ചതെന്നും പൊലീസിൽ പരാതി നൽകിയെന്നും ഷാ പറഞ്ഞിരുന്നു.
ഫൈസൽ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അച്ഛനെയും മകളെയും ആക്രമിച്ചത്. പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്നതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഫൈസൽ എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.












Click it and Unblock the Notifications