കിഴക്കേക്കോട്ടയിൽ ആട്ടോ മാറ്റുന്നതിനെ ചൊല്ലി തർക്കം കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
തിരുവനന്തപുരം: കിഴക്കേക്കോട്ട ട്രാൻ.ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത ആട്ടോറിക്ഷ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കെഎസ്ആർടിസി ഡ്രൈവറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. കോട്ടയം സ്വദേശി സുഭാഷിനാണ് (45)മർദ്ദനമേറ്റത്. ഇന്നലെ രാത്രി 9.20നായിരുന്നു സംഭവം.
കിഴക്കേക്കോട്ടയിൽ നിന്ന് വട്ടപ്പാറയിലേക്ക് സ്റ്റേ സർവീസിനായി പുറപ്പെടുന്ന ബസിലെ ഡ്രൈവറായിരുന്നു സുഭാഷ്. കട്ടിലും മറ്റ് സാധനങ്ങളും കയറ്റിയ ഒരു ആട്ടോറിക്ഷ ബസ് പുറപ്പെടാൻ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തു. ഇത് മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ആട്ടോ ഡ്രൈവർ ഇരുമ്പ് കമ്പിയ്ക്ക് തലയിലും കൈയ്യിലും അടിച്ചതായി സുഭാഷ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

അടിയേറ്റ് ചെവിയ്ക്ക് സാരമായി പരിക്കേൽക്കുകയും കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്ത സുഭാഷിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറെ ആക്രമിച്ച ആട്ടോ ഡ്രൈവറെ ഉടൻ പിടികൂടണമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. ജെ പ്രദീപ് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരായ അക്രമ സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിൽ ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. സുഭാഷിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫോർട്ട് സി.ഐ അറിയിച്ചു.












Click it and Unblock the Notifications