ആറ്റുകാൽ പൊങ്കാല: ഈ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, മദ്യനിരോധനം; ഉത്തരവിറക്കി
തിരുവന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളകട്ർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്.
ഫെബ്രുവരി 25 ന് ആണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 17 മുതൽ 26 വരെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവധ പരിപാടികൾ നടക്കും. പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പും കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതു ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളും ലൈസൻസിന്റെ/ രജിസ്ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം,
ലഘു ഭക്ഷണം, ശീതള പാനീയം. ദാഹ ജലം വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ മുൻകൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications