പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന പ്രചരണം വ്യാജം; മേയറുടെ പരാതിയിൽ കേസെടുത്തു
ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്.

ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് വീഡിയോ ചെയ്ത് വ്യാജ പ്രചാരണം. സംഭവത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. വീഡിയോ സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഓട്ടോയിൽ ഇഷ്ടിക കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽ നിന്ന് വാങ്ങിയ ഇഷ്ടികകൾ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്‌ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെതുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ട്.
ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കും എന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്
ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ വ്യക്തമാക്കിയതുമാണ്.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച 95 ലോഡ് ഇഷ്ടിക കോർപറേഷൻ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. രണ്ടുദിവസമായി ശേഖരിച്ച ഇഷ്ടികകൾ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചു. സർക്കാരിന്റെ വിവിധ ഭവനപദ്ധതികളിൽ വീട് നിർമിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി കട്ടകൾ നൽകാനാണ് തീരുമാനം. 600 ചതുരശ്രയടിയുള്ള വീടിന് 12500 ഇഷ്ടികകൾ വേണ്ടിവരുമെന്നാണ് കണക്ക്. ഒരുലക്ഷത്തിന് മുകളിൽ ഇഷ്ടിക സമാഹരിക്കാമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications