തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളോട് മകനാണ് ആദ്യം ചികിത്സ തേടിയത്. മകന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അച്ഛനും ബ്രൂസെല്ലോസിസ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരും നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. പനിയും മുണ്ടിനീരും അസഹനീയമായ ശരീര വേദനയും ദേഹം മുഴുവന്‍ നീരുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിച്ചേക്കാം. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ വന്ധ്യതയ്ക്കും കാരണമായേക്കാം. മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലെത്തുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ കൃത്യമായ ചികിത്സയും വിശ്രമവും നല്‍കണം. 2019ലും ഈ വര്‍ഷം ജൂലൈയിലും കേരളത്തില്‍ ഇതിന് മുമ്പ് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications