• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബുറേവി ചുഴലിക്കാറ്റ്: ആളുകളെ മാറ്റി താമസിപ്പിക്കാന്‍ തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ബുറേവി' ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കൻ തമിഴ്‌നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളത്. ഇന്നു വൈകിട്ടു മുതൽ ബുറേവിയുടെ സ്വാധീനം ജില്ലയില്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് (ഡിസം. 3) റെഡ് അലേർട്ടും നാളെ (ഡിസം. 4) ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 217 ക്യാമ്പുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. മുൻകരുതൽ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള NDRF സംഘവും ജില്ലയിലെത്തിയിട്ടുണ്ട്. മലയോര മേഘലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ട്.

അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ജില്ലയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

cmsvideo
  തിരുവനന്തപുരം; ബുറേവി കരതൊടാൻ സാധ്യത;തലസ്ഥാന ജില്ലയിൽ അതിജാഗ്രത;ക്യാംപുകൾ തുറന്നു

  ജില്ലയുടെ മലയോര മേഘലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുത്. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂർ സമയം ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തിൽനിന്നുള്ള ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും തയാറാകണം. കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നല്‍കിയിട്ടുണ്ട്.

  ജില്ലയിൽ പതിവായി കാലവർഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം. ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യുതിയെത്തിക്കാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും വാട്ടർ അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കോർപ്പറേഷന്റെ നേതൃത്വത്തിൽ 10 ദ്രുതകർമ സേനാംഗങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.

  150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറാക്കി നിർത്തിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ കാനകളും ചെറു തോടുകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ കോതിയൊതുക്കുന്നതിനും ബോർഡുകളുടേയും ഹോർഡിംഗുകളുടേയും ബലം ഉറപ്പുവരുത്തുന്നതിനും കോർപ്പറേഷൻ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് നിവാരണത്തിന് കോർപ്പറേഷന്റെ നാല് ജെസിബികൾ ലഭ്യമാക്കിയിട്ടുണ്ട്. ഹൈപവർ ജെറ്റ് പമ്പുകളും സജ്ജമാണ്.

  ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിനു മെഡിക്കൽ ടീം, മരുന്ന്, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

  തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ആളുകൾക്കും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ 1077 ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവർത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവർ, മാറ്റിപ്പാർപ്പിക്കേണ്ടവർ തുടങ്ങിയവർ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറിൽനിന്നു ലഭിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

  Thiruvananthapuram

  English summary
  burevi cyclone; 217 camps have been opened in Thiruvananthapuram district to relocate people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X