• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത, ഏതു സാഹചര്യവും നേരിടാൻ തയ്യാറെന്ന് കളക്ടർ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻ.ഡി.ആർ.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് രാത്രിയും ഡിസംബർ 04 പുലർച്ചെ കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കൻ തമിഴ്‌നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്നു കളക്ടർ പറഞ്ഞു. ഇത് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. ഇതു മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം പൂർണമായി തയാറെടുത്തിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

ജില്ലയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജില്ലയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുതെന്ന് കളക്ടർ അഭ്യർഥിച്ചു. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂർ സമയം ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തിൽനിന്നുള്ള ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും തയാറാകണം.

കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തിൽ 180 ക്യാംപുകളാണ് റവന്യൂ വകുപ്പ് ജില്ലയിൽ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാംപുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നത്.

തിരുവനന്തപുരം താലൂക്കിൽ 48 ക്യാംപുകളിലായി 1,550 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. ചിറയിൻകീഴിൽ 30 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാർപ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാംപുകളും പാർപ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വർക്കല - 46(600), നെടുമങ്ങാട് - 19(3,800), കാട്ടാക്കട - 12(1,000), നെയ്യാറ്റിൻകര - 25(2,300)

ജില്ലയിൽ പതിവായി കാലവർഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു കളക്ടർ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം. ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യുതിയെത്തിക്കാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും വാട്ടർ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

Thiruvananthapuram

English summary
Burevi Cyclone: District administration is prepared to face any adverse situation, Says Tvm Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X