തിരുവനന്തപുരത്ത് ബസ് കണ്ടക്ടർക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം; കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസിലെ കണ്ടക്ടറെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന അഞ്ചംഗസംഘം കുത്തിപ്പരിക്കേല്പിച്ചു. ബാലരാമപുരം അതിയന്നൂർ വെങ്ങിൻകോട് പാൽസൊസൈറ്റിക്ക് സമീപം അരുൺ നിവാസിൽ അരുണിനാണ് (28) കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ഓവർബ്രിഡ്‌ജിൽ എസ്എംവി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. നഗരത്തിൽ സർവീസ് നടത്തുന്ന കുന്നുവിള ദേവി എന്ന ബസ് ആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ നിറുത്തിയപ്പോഴാണ് അരുണിനെ ആക്രമിച്ചത്.
നാല് പേർ ചേർന്ന് അരുണിനെ ബസിൽ നിന്ന് വലിച്ചിറക്കാൻ ശ്രമിച്ചു. എന്നാൽ ബസിന്റെ കമ്പിയിൽ മുറുകെ പിടിച്ച് അക്രമികളെ പ്രതിരോധിക്കാൻ അരുൺ ശ്രമിച്ചു. ഇതിനിടെയാണ് സംഘത്തിലൊരാൾ കർച്ചീഫിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് അരുണിന്റെ വയറ്റിൽ കുത്തിയത്. സംഭവത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് അരുണിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.

അരുണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അക്രമികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും ആക്രമണകാരണം അറിയില്ലെന്നും അരുൺ പൊലീസിനോട് പറഞ്ഞു. അതേസമയം അരുണും മറ്റൊരു ബസിലെ ജീവനക്കാരുമായി ഇന്നലെ ചെറിയ തർക്കമുണ്ടായിരുന്നതായും പറയപ്പെടുന്നു. അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. ആളുമാറി ആക്രമണം നടത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.












Click it and Unblock the Notifications