'ബസ് നിരക്കിലെ വർധനവിൽ അതൃപ്‌തി, വിദ്യാർഥികളുടെ കൺസഷൻ കൂട്ടണം' ; ബസ് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധനവിൽ അതൃപ്‌തി പ്രകടമാക്കി ബസ് ഉടമകൾ. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് വർധിപ്പിക്കാതെയുള്ള ഈ നിരക്ക് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് പ്രതികരിച്ചു. ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ 70 ശതമാനവും വിദ്യാർഥികളാണ്.
അതിനാൽ തന്നെ വിദ്യാർഥികളുടെ യാത്രനിരക്കിൽ വർധനവ് കൊണ്ടുവരാതെ ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ബസ് ഉടമകൾ പറയുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി.ഗോപിനാഥ് വ്യക്തമാക്കി.

ബസ് ചാർജ് മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് വർധിപ്പിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ നിരക്കിൽ വർധനവ് കൊണ്ടുവരാത്തതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കി. മിനിമം ചാർജിന് പുറമെ ഓരോ കിലോമീറ്ററിനും 1 രൂപ വീതം വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല. കമ്മിഷനെ വെച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണം എന്ന് ബസ് ഉടമകളുടെ ആവശ്യം എൽഡിഎഫ് യോഗം തള്ളി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നതാണ്.

ഓട്ടോ, ടാക്സി നിരക്കും വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് നിരക്ക് 15 രൂപയാണ്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.

യാത്ര നിരക്കിൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തിൽ നിന്നും ബസ് ഉടമകൾ പിന്‍മാറുകയാണുണ്ടായത്.












Click it and Unblock the Notifications