ബിസിനസ് പൊളിഞ്ഞു; മോഷണം തുടങ്ങി; പ്രതി ബിരുദാനന്തര ബിരുദധാരി; ഞെട്ടി പൊലീസ്
പത്തനംതിട്ട: ബിസിനസ് പൊളിഞ്ഞപ്പോൾ മോഷണത്തിലേക്ക് തിരിഞ്ഞ് ഒരു ബിരുദാനന്തര ബിരുദധാരി. ഒടുവിൽ മോഷണ കേസിലെ പ്രതിയുമായി. പത്തനംതിട്ട അടൂരിലെ ക്യാമറസ്റ്റോറിൽ മോഷണം നടത്തിയ കള്ളനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പൊലീസിനെ പോലും ഞെട്ടിച്ചു കൊണ്ടുള്ള മൊഴി ലഭിച്ചത്. കൂട്ടുപ്രതിയായ അതിഥിത്തൊഴിലാളിയ്ക്കായി എറണാകുളത്ത് തിരച്ചിൽ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയായ ഷിജാസാണ് അടൂരിലെ ക്യാമറ സ്കാൻ എന്ന സ്റ്റോറിൽ നിന്ന് ക്യാമറയും മറ്റു വിലപിടിപ്പുള്ള ലെൻസ് അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയായിരിക്കുന്നത്. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള മൊഴി പ്രതി നൽകിയത്. ഷിജാസ് ബിരുദം പൂർത്തിയായ ശേഷം എം.എസ്.സി.പഠിച്ചു. എം.എസ്.സിയിലും തരക്കേടില്ലാത്ത മാർക്കോടെയാണ് പൂർത്തിയായത്. ദേശസാൽകൃത ബാങ്കിലെ വായ്പ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷിജാസ് പിന്നീട് സുഹൃത്തുക്കളുമായി ധനകാര്യ സ്ഥാപനം ആരംഭിച്ചു.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

എന്നാൽ, കൊവിഡ് കാലത്ത് ഇത് പൊളിഞ്ഞു. ഇതോടെയാണ് പ്രതി മോഷണത്തിലേക്ക് കടന്നതായി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം കറങ്ങിനടന്ന് വാഹനങ്ങൾ മോഷ്ടിക്കുകയായിരുന്നു പതിവ് രീതി. ആദ്യം വാഹനങ്ങളിൽ നിന്ന് മോഷണം തുടങ്ങി ഇപ്പോൾ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വരെ ഷിജാസ് മോഷ്ടിക്കുന്നുണ്ട്.

ഇയാൾക്കെതിരേ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. അടൂരിലെ കവര്‍ച്ചയ്ക്ക് ഒപ്പമുണ്ടായിരുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പ്രതിയുടെ മൊഴി. കൂട്ടാളിക്കായി അടൂര്‍ പൊലീസ് മുവാറ്റുപുഴയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഷിജാസുമായി എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ സംസ്ഥാനം കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സെപ്റ്റംബറിലാണ് അടൂരിലെ ക്യാമറ സ്കാൻ എന്ന സ്ഥാപനത്തിൽ നിന്നു പതിനെട്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും മുപ്പതിനായിരം രൂപയും കവർച്ച ചെയ്യപ്പെട്ടത്. മോഷണം നടന്നത് കാട്ടി കടയുടമ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്.

ഷിജാസും കൂട്ടാളികളും ചേർന്നാണ് കടയിലെ ഉപകരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് അടൂര്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികൾ വലയിലാകുന്നത്. രക്ഷപ്പെട്ട കൂട്ടാളിയായ അതിഥിതൊഴിലാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications