സോളാർ കേസിൽ ജോസ് കെ മാണിയെ എൽഡിഎഫ് സംരക്ഷിക്കില്ല: പരാതിയിൽ പേരുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്ന് സി ദിവാകരൻ
തിരുവനന്തപുരം: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സി ദിവാകരൻ. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്നാണ് സിപിഐ നേതാവ് സി ദിവാകരന് വ്യക്തമാക്കിയിട്ടുള്ളത്. കേസിൽ പരാതിക്കാരി പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ഗൌരവതരം
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് കേരളത്തിൽ വൻതോതിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇടതുപക്ഷം ഉന്നയിച്ച ഗൗരവതരമായ വിഷയമായിരുന്നു സോളാർ കേസെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്തുകൊണ്ട് പ്രാധാന്യം
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് കൈമാറാന്‍ തീരുമാനമെടുത്തതുകൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചിട്ടുള്ളത്. സ്വാഭാവികമായ സ്ഥിതിയിലാണ് കേസ് സിബിഐക്ക് വിടുന്നതെങ്കിൽ ഇത്ര വലിയ ബഹളത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സി ദിവാകരനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആര് തീരുമാനിക്കും?
സോളാർ കേസിലെ അന്വേഷണം സിബിഐയ്ക്ക് കേസ് കൈമാറാൻ വൈകിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഒരു കേസ് എപ്പോള്‍ സിബിഐയ്ക്ക് വിടണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുകയെന്നാണ് യുഡിഎഫിന്റെ പ്രതിഷേധത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ സോളാർ കേസിൽ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജോസ് കെ. മാണിയിൽ നിന്നുള്ള പ്രതികരണം.