അനധികൃതമായി സൂക്ഷിച്ച അഞ്ച് ടൺ റേഷൻ സാധനങ്ങൾ പിടികൂടി: 84 ചാക്ക് പുഴുക്കലരിയും 15 ചാക്ക് പച്ചരിയും!
വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപം നടന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടികൂടി. അഞ്ച് ടൺ റേഷൻ സാധനങ്ങളാണ് പിടികൂടിയത്. ഉച്ചക്കട, പയറ്റുവിള ഭാഗങ്ങളിലെ സ്വകാര്യ വ്യക്തിയുടെ മില്ലുകളിലാണ് ഇവ ഒളിപ്പിച്ചു വച്ചിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഇവ പിടികൂടുകയായിരുന്നു. റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് 4 റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 84 ചാക്ക് പുഴുക്കലരി, 15 ചാക്ക് പച്ചരി, 5100 കിലോ ഭക്ഷ്യധാന്യം, മൂന്ന് ചാക്ക് മട്ട അരി എന്നിവയാണ് പിടിച്ചെടുത്തത്.

ഇവ കിടാരക്കുഴിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. നെയ്യാറ്റിൽകര സപ്ലൈ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജലജ, മാഹീൻ, മോഹൻകുമാർ, അനിത ജോഷ്‌നി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ പറഞ്ഞു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ റെയ്ഡുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications