സ്വന്തം കിടപ്പ് മുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴും; മുഖ്യമന്ത്രി
തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാർ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കിടപ്പ് മുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാൽ കുറച്ച് കഴിയുമ്പോൾ അതിൽ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു.
' സ്വന്തം കിടപ്പ് മുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ച് വച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണ്. വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാർ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ് ? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചുവെന്ന് വിചാരിക്കുക. കുറച്ച് കഴിയുമ്പോൾ അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം.

സ്വന്തം കിടപ്പ് മുറിയിൽ ഒരു ഗ്ലാസ് വെള്ളം വിശ്വാസത്തോടെ വെയ്ക്കാൻ പറ്റില്ല, അതെടുത്ത് കുടിക്കാൻ അടച്ച് തന്നെ വെയ്ക്കണം. എപ്പോഴാണ് ഈ സാധനം ഇതിനകത്ത് വീഴുക എന്ന് പറയാൻ പറ്റില്ല. അങ്ങനെയുള്ള എത്ര വീടുകൾ നമുക്ക് ഉണ്ട്, ക്ലിഫ് ഹൗസ് അങ്ങനൊന്നാണ്. ഈ അനുഭവം എവിടെ നിന്നെങ്കിലും കേട്ടതല്ല, എന്റെ അനുഭവമാണ്, മുഖ്യമന്ത്രി പറഞ്ഞു.
മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങൾ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.
കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്സ് എൻക്ലേവിന്റെ ശിലാ സ്ഥാപനം ആക്കുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രശ്സ്തമായ ഗ്സറ്റ് ഹൈസുകളുടെ അവസ്ഥ എന്താണ് ? അതിനെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. കെട്ടിടങ്ങൾ സംരക്ഷിക്കണ്ടത് നമ്മുടെ ആവശ്യമാണ്.
അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗസ്റ്റ് ഹൗസുകളക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്. സബ് കളക്ടർ ആയി നിയമിച്ച വേളയിൽ താമസസൗകര്യത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചീഫ് സെക്രട്ടറി ഡോ വി വേണു പ്രസംഗത്തിനിടെ പറഞ്ഞു.












Click it and Unblock the Notifications