ബിജെപി അധികാരത്തില് വരാതിരിക്കാൻ വർഗീയ ശക്തികൾ ഗൂഢാലോചന നടത്തുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോർപറേഷനിൽ വിജയിക്കാതിരിക്കാൻ ചില വർഗീയ ശക്തികൾ ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിൽ യു.ഡി.എഫ് മിക്ക വാർഡുകളിലും പ്രചാരണത്തിൽ പിന്നോക്കം പോയത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് ബിജെപി ജയിക്കരുതെന്ന് മുസ്ലിംലീഗും ഇപ്പോൾ യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതിന് വേണ്ടി കോൺഗ്രസിനെ സ്വാധീനിച്ച് ഇടതുപക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം പല സ്ഥലത്തും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാൻ സി.പി.എമ്മിനെ വിജയിപ്പിക്കാൻ മലപ്പുറത്തെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. എല്ലാ ദിവസവും അഴിമതിക്കെതിരെ സംസാരിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം അഴിമതി മൂടിവെക്കാൻ വീട്ടുകാരെ പോലും ഉപയോഗിച്ചത് ലജ്ജാകരമാണ്.
പെരിയയിൽ രണ്ട് ചെറുപ്പക്കാരെ പാർട്ടി ക്രമിനലുകൾ കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ 87 ലക്ഷം രൂപയാണ് ഈ സർക്കാർ ചിലവഴിച്ചത്. അഴിമതിക്കാരെയും കൊലപാതകികളെയും രക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ അഴിമതിക്കാരുടെ സ്വന്തം നാടായി മാറി കഴിഞ്ഞു. കള്ളക്കടത്തുകാരുടെയും സ്വർണ്ണക്കടത്തുകാരുടേയും കള്ളപ്പണക്കാരുടേയും തട്ടിപ്പുകാരുടേയും നാടായി കേരളം മാറി കഴിഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ജനം തൂത്തെറിയും. നരേന്ദ്രമോദി സർക്കാർ എല്ലാ കാര്യത്തിലും കേരളത്തെ സഹായിക്കാൻ തയ്യാറാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയുടെ വികസനം പൂർണ്ണമായും തിരുവനന്തപുരം കോർപ്പറേഷനിൽ എത്തണമെങ്കിൽ എൻ.ഡി.എക്ക് കോർപ്പറേഷൻ ഭരണം ലഭിക്കണമെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിർമ്മാണം എന്നീ സാധ്യതകൾ ഉപയോഗിച്ചാൽ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാൻ തിരുവനന്തപുരത്തിന് സാധിക്കും. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈ കാര്യത്തിൽ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസഖ്യയുള്ള പാലക്കാട് 5 കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതതെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മുൻനിർത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങൾക്കൊപ്പമല്ല നിക്കേണ്ടത്: ബിജെപി