ബസ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി: ബാക്കി തുക ഡിപ്പോയില്‍ നിന്ന് വാങ്ങണമെന്ന്!!
ആറ്റിങ്ങൽ: കെഎസ്ആർടിസി ബസിലെ കണ്ടക്ടർ യാത്രക്കാരികളോട് അപമര്യാദമായി പെരുമാറിയതായി പരാതി. തിരുവനന്തപുരത്തു നിന്നു കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി ബസിലാണ് സംഭവം. ബസിൽ കയറിയ സ്ത്രീകളോട് എങ്ങോട്ട് കെട്ടിയെടുക്കാനാണ് ഈ ബസിൽ കയറിയതെന്നായിരുന്നു ആദ്യ ചോദ്യം. പിന്നീട് 38 രൂപയുടെ ടിക്കറ്റിന് 50 രൂപ നൽകിയതിനായി അടുത്ത തെറി. ബാക്കി ചോദിച്ചപ്പോൾ ഡിപ്പോയിൽ പോയി വാങ്ങാനായിരുന്നു അടുത്ത മറുപടി. പലർക്കും ബാക്കി നൽകാൻ ഇയാൾ തയ്യാറല്ലായിരുന്നെന്നും പരാതിയിൽ പറയുന്നു.
ആവശ്യമില്ലാതെ തട്ടിക്കയറിയ കണ്ടക്ടറോട് ശാന്തനാകാൻ പറഞ്ഞവരോട് തന്നെയാർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും താൻ സർക്കാരിന്റെ ആളാണെന്നും ഇയാൾ പറയുന്നുണ്ടായിരുന്നുവത്രേ. ഇയാൾക്കെതിരെ കണിയാപുരം ഡിപ്പോയിലും ആറ്റിങ്ങൽ ഡിപ്പോയിലും സ്ത്രീകൾ പരാതി നൽകി.

കണിയാപുരം ഡിപ്പോയിൽ പരാതി നൽകിയ സ്ത്രീയോട് ബസ് ആറ്റിങ്ങലിൽ എത്തിയാൽ നടപടിയുണ്ടാകുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ അവിടെയെത്തിയിട്ടും നടപടി ലഭിക്കാത്തതിനാലാണ് വീണ്ടും പരാതി നൽകിയത്.ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി യാത്രക്കാർ പറയുന്നു. അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കിൽ വനിതാ കമ്മിഷനെ സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.












Click it and Unblock the Notifications