തിരുവനന്തപുരത്ത് വൃദ്ധയെ കെട്ടിയിട്ട് പത്തരപ്പവൻ കവർച്ച: യുവ ദമ്പതികൾ അറസ്റ്റിൽ, കുറ്റം സമ്മതിച്ചു!
ബാലരാമപുരം: വൃദ്ധയെ കെട്ടയിട്ട് പത്തരപ്പവൻ കവർച്ച ചെയ്ത കേസിൽ ദമ്പതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല പാലോട് രഞ്ജിത്ത് ഭവനിൽ രതീഷ് (27), ഭാര്യ മായ എന്നിവരെയാണ് ബാലരാമപുരം സി.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് കൊല്ലത്തിനടുത്തുവച്ച് പിടികൂടിയത്.
കഴിഞ്ഞ 5 ന് പുലർച്ചെ ബാലരാമപുരം വണികർ തെരുവ് ഓഫീസ് വാർഡിൽ പരേതനായ ആറുമുഖൻ ചെട്ടിയാരുടെ ഭാര്യ രത്നമ്മാളിന്റെ (79) മാലയും കമ്മലും മോതിരവും ഉൾപ്പെടെ പത്തരപ്പവന്റെ ആഭരണങ്ങളാണ് ദമ്പതികളായ മോഷ്ടാക്കൾ അപഹരിച്ചത്. കൃത്യം ചെയ്തത് തങ്ങളാണെന്ന് ദമ്പതികൾ പൊലീസിനോട് സമ്മതിച്ചു. രത്നമ്മാളിന്റെ വീട്ടിൽ വാടകക്കാരായിരുന്നു ഇവർ. വാടക കൃത്യമല്ലാത്തതിനാൽ, ദമ്പതികളോട് വീട് മാറാൻ രത്നമ്മ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദമ്പതികൾ കൂട്ടാക്കിയില്ല. 5 ന് പുലർച്ചെ ദമ്പതികൾ വൃദ്ധയെ കെട്ടിയിട്ട് സ്വർണം അപഹരിച്ചശേഷം കടന്നു കളയുകയായിരുന്നു.

മൊബൈൽ ഫോണും മോഷ്ടിച്ചു. എന്നാൽ, നേരത്തേ കസ്റ്റഡിയിലെടുത്ത സണ്ണിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. മുൻ വാടകക്കാരനാണിയാൾ. കുറ്റകൃത്യത്തിൽ ഇയാൾ നേരിട്ട് പങ്കില്ലാത്തതിനാലാണ് വിട്ടയച്ചത്. ടോർച്ചടിച്ചത് സണ്ണിയാണെന്ന് രത്നമ്മ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. സി.ഐ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുജിത്ത്, ഷാഡോ പൊലീസിലെ സുനിലാൽ, അജിത്ത്, പ്രവീൺ, പോൾവിൻ, സിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications