സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി; പ്രായപരിധി കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സിപിഐ
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സി ദിവാകരന് വലിയ തിരിച്ചടി. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. 75 വയസ്സെന്ന ഉയർന്ന പ്രായപരിധി നടപ്പാക്കാൻ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെയാണ് ഈ നടപടി.
സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികം ഉണ്ട്. സംസ്ഥാന സമ്മേളനത്തിലെ ജില്ലകളിലെ പ്രതിനിധികളാണ്, അതതു ജില്ലകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളെ നിർദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിർദേശം പാർട്ടിയിൽ കർശനമായി നടപ്പാക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പ്രായപരിധി നിർദേശം നടപ്പാക്കും എന്ന് ഞായറാഴ്ച തന്നെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു. പ്രായപരിധിക്കെതിരെ ദിവാകരനും കെ ഇ ഇസ്മയിലും പരസ്യമായി രംഗത്തുവന്നിരുന്നു.
സിപിഐ സംസ്ഥാന കൗൺസിലിൽ തിരുവനന്തപുരത്തു നിന്ന് 101 പേരാണ് ഇത്തവണ ഉണ്ടാവുക. ഇവരുടെ പട്ടിക സമ്മേളന പ്രതിനിധികൾ കൂടിയാലോചിച്ച് നേതൃത്വത്തിനു സമർപ്പിച്ചു. എല്ലാ ജില്ലകളിൽ നിന്നുമുള്ള പട്ടിക ലഭിച്ച ശേഷമായിരിക്കും കൗൺസിൽ രൂപീകരണം. അതിനു ശേഷം ആയിരിക്കും സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കുന്നത്.
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി ആയിരിക്കും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരക്കണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാത്തിൽ എത്തുക.. അതുകൊണ്ട് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോ എന്നത് സംസ്ഥാന കൗൺസിലിലെ അംഗ ബലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.
അതിനിടെ പാർട്ടിയിൽ കാനം രാജേന്ദ്രൻ പക്ഷം മേധാവിത്വം ഉറപ്പിച്ചിട്ടുണ്ട്. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം ഉയർന്നു വന്നിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം തവണ ഇറങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണം എന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം., പ്രായപരിധി വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ടില്ല എന്ന് സി ദിവാകരൻ പ്രതിനിധി സമ്മേളനത്തിന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. മയപ്പെടാനും ഭയപ്പെടാനും ഇല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.'മയപ്പെടാനും ഭയപ്പെടാനും ഇല്ല. പാർട്ടിക്ക് കീഴടങ്ങും, നേതൃത്വത്തിന് അല്ല. ഞാനും നേതൃത്വം അല്ലേ. പാർട്ടി തീരുമാനിക്കുന്നതാണ് എന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ കാര്യങ്ങൾ ഡി രാജയോട് ചോദിക്കണം.' എന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications