മന്ത്രി നോക്കിനില്‍ക്കെ പിന്നില്‍ നിന്നും ചവിട്ടി; കരിങ്കൊടി കാണിച്ച മഹിള കോണ്‍ഗ്രസ് നേതാവിന് സിപിഎം മര്‍ദ്ദനം
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനിലിനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. മന്ത്രിയുടെ മുന്നില്‍ വച്ചാണ് സി പി എം പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് ദീപ അനില്‍ ആരോപിച്ചു. സി പി എം പ്രവര്‍ത്തകര്‍ പിന്നില്‍ നിന്നും ചവിട്ടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കയ്യേറ്റമെന്നും മന്ത്രി എതിര്‍ത്തില്ലെന്നും ദീപ അനില്‍ പറഞ്ഞു.
പരിക്കേറ്റ ദീപയെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നടുവിന് ചതവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തന്നെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വലിച്ചിഴച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയാണ് തന്നെ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോയതെന്നും ദീപാ അനില്‍ കൂട്ടിച്ചേര്‍ത്തു.

കിളിമാനൂരില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. കാറില്‍ നിന്നും ഇറങ്ങി മന്ത്രി ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ എത്തുമ്പോള്‍ ദീപാ അനില്‍ കരിങ്കൊടി വീശുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ദീപ അനില്‍ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നേരത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നേരെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ആക്രമണ കേസിലെ പ്രതി ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടി ഉള്‍പ്പെട്ടതോടെയാണ് വീണാ ജോര്‍ജിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. ഇടുക്കിയില്‍ വച്ച് മന്ത്രി റോഷി അഗസ്റ്റിന് നേരെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു.
മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം
ജനങ്ങളുടെ പിന്തുണയാണ് വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തി: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സര്‍ക്കാരിനെ അസ്ഥിരപെടുത്താന്‍ പല ഛിദ്ര ശക്തികളും ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ജനങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയകുന്നുമ്മേല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ കിളിമാനൂര്‍ കൊച്ചുപാലം പുനര്‍ നിര്‍മിച്ചതിന്റെയും പുതിയകാവ് റോഡ് ഉപരിതലം നവീകരിച്ചതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാട്ടില്‍ റോഡും പാലവും പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ സന്തോഷിക്കുകയാണ് പതിവ്. എന്നാല്‍ ചിലര്‍ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത് നിരാശാജനകമാണ്. സര്‍ക്കാരിനെ അസ്ഥിരപെടുത്താന്‍ കലാപങ്ങളിലൂടെ ശ്രമിച്ചാല്‍ ജനങ്ങള്‍ ജനാധിപത്യപരമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിളിമാനൂരിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കിളിമാനൂര്‍ ആലംകോട് റോഡില്‍ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പാലമാണ് പൊളിച്ച് പുതുക്കി പണിഞ്ഞത്. ഇതിന് പുറമെ കിളിമാനൂര്‍ ജംഗ്ഷന്‍ മുതല്‍ പുതിയകാവ് വരെയുള്ള റോഡ് നവീകരിക്കുകയും ചെയ്തു. 1.65 കോടി രൂപയാണ് ചെലവായത്. പുതിയ പാലം വന്നതോടെ കിളിമാനൂര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കും പരിഹരിക്കപ്പെട്ടു.
ഒ എസ് അംബിക എം എല്‍ എ അധ്യക്ഷയായ ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications