തിരുവനന്തപുരത്ത് 154 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ജില്ലയില്‍ 100 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 54 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തിവരുന്നുണ്ട്.

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
45 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ അംഗീകൃത മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ അനെക്‌സര്‍ 1( ബി ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവയ്പ്പ് സ്വീകരിക്കാനാകും. സ്വകാര്യ ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.












Click it and Unblock the Notifications