സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെത്തിയ ഡോക്ടർ കിണറ്റിൽ മരിച്ചനിലയിൽ: സംഭവം തിരുവനന്തപുരത്ത്!!
വർക്കല: സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെത്തിയ ഡോക്ടറെ റിസോർട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മുസ്ലിം ജമാ അതിനു സമീപം അൽ ഹംറ വീട്ടിൽ ഡോ. അബ്ദുൽ റഹീമിന്റെ മകൻ ഡോ. ജാസിം റഹിം(35) ആണ് റിസോർട്ടിനു പുറകിലെ നൂറടിയോളം താഴ്ചയുളള കിണറ്റിൽ വീണ് മരിച്ചത്. കൊല്ലം മെഡി സിറ്റിയിലെ ത്വക് രോഗ വിദഗ്ദ്ധനാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വർക്കലയിലെ സ്വകാര്യറിസോർട്ടിൽ ഇന്നലെ വൈകിട്ട് ആറംഗ സുഹൃത്ത് സംഘത്തിനൊപ്പമാണ് ജാസിം റഹിമെത്തിയത്. രാത്രി 11.45ന് ഇവർ തട്ടുകടയിൽ ഭക്ഷണം കഴിച്ചശേഷം രാത്രി 2 മണിയോടെ റിസോർട്ടിൽ മടങ്ങിയെത്തി. മുറിയിൽ നിന്നു ജാസിം റഹിം പുറത്തേക്കിറങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. പുലർച്ചെ ഒരുമണിയോടെ പുറത്തിറങ്ങിയ ജാസിം റിസോർട്ട് പരിസരത്തെ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഡോക്ടർ തിരികെ റൂമിലെത്താത്തതിനാൽ ഇതിനിടെ സുഹൃത്തുക്കൾ തെരച്ചിലിനായി പുറത്തിറങ്ങിയപ്പോഴാണ് കിണറ്റിൽ വീണതായി സംശയമുണ്ടായത്.റിസോർട്ട് ജീവനക്കാർ കിണറ്റിൽ ലൈറ്റടിച്ച് നോക്കിയെങ്കിലും ആഴവും വെള്ളവും കൂടുതലുള്ളതിനാൽ കാണാൻ കഴിഞ്ഞില്ല.
തുടർന്ന് ഫയർഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ജമീല. ഭാര്യ:ഷബ്നം. മകൻ:ഫറ. സംസ്കാരം ഇന്നലെ വൈകിട്ട് 7.30ന് കൊട്ടാരക്കര മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ നടന്നു.












Click it and Unblock the Notifications