ഹേമ കമ്മിറ്റി അടിസ്ഥാനം: സിനിമ മേഖലയിലെ സ്ത്രീസുരക്ഷ കരട് നിയമമായെന്ന് മന്ത്രി
തിരുവനന്തപുരം: സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും നിയമം വേഗത്തില്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും പുതിയ നിയമത്തിന്റെ കരട് രേഖ നിര്‍മാണത്തിന് അടിസ്ഥാനമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമ ഷൂട്ടിങ് സെറ്റുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി കോടതി സമീപിച്ചിരുന്നു. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് നല്‍കിയ ഈ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു കോടതിയുടെ ഉത്തരവ്.

സിനിമ മേഖലയിലെ സ്ത്രീസുരക്ഷയെപ്പറ്റി പഠിച്ച ഹേമകമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവക്കുകയാണെന്ന് എംഎല്‍എ കെ കെ രമ ആരോപിച്ചിരുന്നു. നിയമസഭയില്‍ സബ്മിഷന്‍ ആയിട്ടാണ് വിഷയം എംഎല്‍എ ഉന്നയിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സാങ്കേതിക കാരണം പറഞ്ഞ് മൂടിവെക്കുകയാണെന്നും അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടതെന്നും കെ.കെ രമ പറഞ്ഞു.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാനാകില്ല എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങളും പലരുടെയും ദുരനുഭവങ്ങളും വിവരിക്കുന്നുണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് സംസ്ഥാന സർക്കാർ ഹേമകമ്മറ്റിയെ നിയോഗിച്ചത്. വൻ തുക ചിലവാക്കി നിയമിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇതുവരെ സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ശബ്ദം ഉയർത്തിയപ്പോള്‍ തന്നെ അവസരം നഷ്ടമാകുമെന്ന് തന്നോട് പറഞ്ഞവരുണ്ടെന്നും സിനിമ മേഖലയിലുള്ള കരുത്തരായവർ തന്നെയാണ് രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചതെന്നും പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ് തോന്നുന്നത്. അതാണ് എന്റെ ഒരു പ്രവചനമെന്നും പാർവതി വിമർശിച്ചു.












Click it and Unblock the Notifications