തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; 3 മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മൂന്ന് മണിക്കൂറിന് ശേഷമാണ് വൈദ്യതി പുനസ്ഥാപിച്ചത്. താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ വൈദ്യുതി മുടങ്ങിയത്.
മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച് രംഗത്തുവന്നു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയതെന്നാണ് സൂപ്രണ്ട് പറഞ്ഞത്. കുട്ടികളുടെ വിഭാഗത്തിൽ, ഐ സി യുവിൽ ഉൾപ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ അറിയിച്ചത്.

വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ബി ജെ പി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
അതേ സമയം, എസ് എ ടി ആശുപത്രിയിൽ മൂന്ന് മണിക്കൂറിലധികം സമയം വൈദ്യുചി മുടങ്ങിയിട്ടും സർക്കാർ പ്രതികരിച്ചത് ലാഘവത്തോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മൂന്ന് മണിക്കൂറിലധികം സമയമാണ് വൈദ്യുതി മുടങ്ങിയതെന്നും എസ് എ ടി പോലെ സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ഇരുട്ടിലായിട്ടും സർക്കാർ ലാഘവത്തോടെയാണ് പ്രതികരിച്ചത്. സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശനമേയല്ലെന്നും സതീശൻ പറഞ്ഞു.
രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് മണിക്കൂറുകൾക്ക് ശേഷം താൽക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചത്. എന്നാൽ വൈദ്യുതി ഇല്ലാതായിട്ടും അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പെടെയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകാതിരുന്നത് അത്ഭുതകരമാണെന്നും ജനങ്ങളുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമെ അല്ലെന്നും വ്യക്തമാക്കുന്നതാണ് സംഭവമെന്നും എസ് എ ടിയിൽ നടന്നത്. സംഭവത്തിൽ നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മുടക്കത്തെ തുടർന്ന് പ്രതിഷേധിച്ച രോഗികളുടെ ബന്ധുക്കളെയും കൂട്ടിരിപ്പുകാരേയും പോലീസ് കയ്യേറ്റം ചെയ്തെന്ന് പരാതിയുണ്ട്. ഇക്കാര്യത്തിലും ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications