കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം, പിടികൂടിയത് 44500 രൂപയുടെ കള്ളനോട്ട്
തിരുവനന്തപുരം: കല്ലമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നത് കള്ളനോട്ട് നിർമാണ കേന്ദ്രം. വിവരം അറിഞ്ഞെത്തിയ പൊലീസ് 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു. അശോക് കുമാര്‍, ശ്രീവിജിത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമാണം നടന്നിരുന്നത്. ഇരുവരും കരവാരം, കൊല്ലമ്പുഴ സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. വർക്കല ഡിവൈഎസ്‌പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം വിതുരയിൽ നിന്നും കള്ളനോട്ട് പിടികൂടിയിരുന്നു. 40,000ത്തോളം രൂപയുടെ കള്ളനോട്ടാണ് വിതുരയിൽ നിന്ന് പിടികൂടിയത്. ഇതിൽ 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ പ്രതികൾക്ക് അശോകനും ശ്രീവിജിത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

വിതുര ബിവറേജ് ഔട്ട്ലൈറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ള നോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തി. തുടർന്ന് ഇവരാണ് വിതുര പൊലീസിനെ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പൊലീസ് പിടികൂടിയത്. കേസിലെ പ്രതികൾക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ആ കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളുണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് ചാത്തന്നൂർ പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തിരുന്നു. പാരിപ്പള്ളി മീനമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയെയാണ് (39) പൊലീസ് പിടികൂടിയത്.
മീനാട് ക്ഷേത്രത്തിന് സമീപത്തെ കടകളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആദ്യം മീനാട് പാലത്തിന് സമീപം ഒരു കടയിലേക്ക് സ്‌കൂട്ടറിലെത്തിയ സുനി, ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കി തുക വാങ്ങിയ ശേഷം അടുത്തുള്ള കടയിൽ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി. ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെക്കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു സുനി.












Click it and Unblock the Notifications