അട്ടക്കുളങ്ങരയിലെ ആക്രിഗോഡൗണിൽ വൻ തീപിടിത്തം: തീപടര്‍ന്നത് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ!!
തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ആക്രിഗോഡൗണിൽ വൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും ഫർണിച്ചർ വ്യാപാരശാലയിലേക്കും തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അട്ടക്കുളങ്ങര എസ്.കെ.പി ടിമ്പേഴ്സിന് സമീപത്ത് നിന്ന് ചാലയിലേക്കുള്ള റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന അരുണാചലത്തിന്റെ ആക്രിഗോഡൗണിലാണ് ഇന്ന് പുലർച്ചെ നാലരമണിയോടെ തീപിടിത്തമുണ്ടായത്.
ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന പഴയ ഫ്രിഡ്ജുകളുടെ കംപ്രസറുകൾ അഗ്നിബാധയിൽ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർച്ചയായി സ്ഫോടന ശബ്ദം കേട്ട ഇവരാണ് ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

ചെങ്കൽചൂളയിൽ നിന്നും ചാക്കയിൽ നിന്നും അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് ആദ്യം എത്തിയെങ്കിലും ഗോഡൗണിന്റെ പകുതിയിലേറെ സ്ഥലത്ത് തീ പടർന്നിരുന്നു. തുടർന്ന് കഴക്കൂട്ടം, വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകളെത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
പാഴ്ക്കടലാസുകൾ, പാസ്റ്റിക് സാധനങ്ങൾ , കന്നാസുകൾ തുടങ്ങി പകുതിയോളം സാധനങ്ങൾ അഗ്നിക്കിരയായി. ടിൻഷീറ്റുകൾ ചുറ്റും മറച്ച തുറസായ സ്ഥലത്താണ് ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരുന്നത്. ഇവിടുത്തെ ജീവനക്കാർ സമീപത്തെ ഒരുമുറിയിലാണ് ഉറങ്ങുന്നത്. തീപിടിത്തമുണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഫയർ സ്റ്റേഷൻ ഓഫീസർമാരായ അബ്ദുൾ റഷീദ്, സുരേഷ്‌കുമാർ, അശോക് കുമാർ, പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിശമന പ്രവർത്തനങ്ങൾ നടന്നത്.












Click it and Unblock the Notifications