വർഷങ്ങൾ നീണ്ട കാത്തിരിപ്പ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പൽ നാളെയെത്തും
ഈ മാസം 15 ന് വൈകുന്നേരം 4 മണിയ്ക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമായെത്തുന്ന കപ്പലിനെ സ്വീകരിക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആ ദിവസം ലോക ശ്രദ്ധ നേടുന്ന ദിനമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് മാസം ചൈനയിൽ നിന്നും പുറപ്പെട്ട ചരക്കു കപ്പൽ ഒക്ടോബർ 11 ഓടെ വിഴിഞ്ഞത്തെ പുറം കടലിൽ എത്തിയതായാണ് വിവരങ്ങൾ. എന്നാൽ ഒക്ടോബർ 12 ന് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ ചേർന്ന് ഒക്ടോബർ 15 നാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നത്.

ലോകത്തെ ഏത് വലിയ കപ്പലും സുഗമമായി വന്നു പോകാൻ കഴിയുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന കേരളത്തിൽ, ദൈവത്തിന്റെ അനുഗ്രഹം കിനിഞ്ഞിറങ്ങിയ കടലാണ് വിഴിഞ്ഞത്ത് ഉള്ളതെന്നും തുറമുഖ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകത വിഴിഞ്ഞത്തിനുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സാധാരണ മറ്റു തുറമുഖങ്ങളിലേക്ക് കപ്പൽ വരാനുള്ള സൗകര്യം ഒരുക്കാൻ കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിയാണ്. എന്നാൽ വിഴിഞ്ഞത്ത് ഡ്രെഡ്ജിങ് ആവശ്യമില്ലെന്നും സ്വാഭാവികമായിത്തന്നെ 20 മീറ്ററിൽ കൂടുതൽ ആഴം ഇവിടെയുണ്ടെന്നും അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചു. അതു കൊണ്ട് തന്നെ ലോകത്ത് ഏത് കപ്പലിനും ഇവിടെ വന്ന് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications