തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് ബാധ: ചികിത്സയിലുള്ളത് 11 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍ഐവി, കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 35 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 13 സ്ഥലങ്ങളിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞതായി മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പല മേഖലകളിലും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓരോ വാര്‍ഡിനെയും ഏഴായി തിരിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയര്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications