വെള്ളനാട്ടിൽ കിണറ്റില്‍ വീണ കരടി ചത്തു, മയക്കുവെടി വെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു. മയക്കുവെടിയേറ്റ കരടിയെ മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്തപ്പോഴാണ് ജീവന്‍ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. അഗ്നിശമന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടി വച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഒരു മണിക്കൂറിലേറെ കരടി മുങ്ങിത്താണ നിലയിലായിരുന്നു. ഒടുവില്‍ കരടി അഗ്നിരക്ഷാസേന വലയിലാക്കി പുറത്തെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മയക്കുവെടി വച്ചത്. എന്നാല്‍ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാനുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസ തടസത്തെ തുടര്‍ന്ന് തിരിച്ചുകയറുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു കണ്ണംപള്ളി സ്വദേശിയായ പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ നിന്ന് കോഴിയെ പിടിക്കാനെത്തിയതായിരുന്നു കരടി. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴി പറന്നതോടെ, ഇതിനെ പിടിക്കാനുള്ള ശ്രമത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടിലുള്ളവര്‍ നോക്കിയത്. അപ്പോഴാണ് കരടിയെ കണ്ടത്. ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
അതേസമയം, കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ ജോക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ ജോക്കബ് അലക്‌സാണ്ടര്‍ വ്യക്തമാക്കുന്നത്. ഇത് സങ്കടകരമായ അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്.
ഇതിനിടെ, കരടി ചത്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കിണിറ്റിലെ വെള്ളം വറ്റിച്ച ശേഷം കരടിയെ മയക്കുവെടി വച്ചാല്‍ പോരെ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
നാലുമീറ്ററോളം വെള്ളം നിറഞ്ഞ കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വച്ച് വെള്ളത്തില്‍ മുക്കി. കരടി മുങ്ങി അരമണിക്കൂറിന് ശേഷം വെള്ളം വറ്റിക്കാന്‍ തീരുമാനം. ആദ്യം ചെയ്യേണ്ട കാര്യം അവസാനം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍. എന്തൊരു റെസ്‌ക്യൂ ഓപ്പറേഷന്‍ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തരവാദിത്തമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications