തുമ്പയിൽ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 8 കിലോ, വാവാ കൃഷ്ണയ്ക്കായി തിരച്ചിൽ!
കുളത്തൂർ: തുമ്പ വിളയിൽകുളത്തെ വീട്ടിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി വാവാ കൃഷ്ണയ്ക്കായി (22) പൊലീസ് തെരച്ചിൽ ശക്തമാക്കി. ആന്ധ്രയിൽനിന്ന് കഞ്ചാവെത്തിച്ച് തലസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത വാവാ കൃഷ്ണയുടെ മാതാവ് നെഹ്റുജംഗ്ഷൻ, വിളയിക്കുളം, മാടൻകാവ് വീട്ടിൽ വത്സല (56) മകൾ രേണുക (48 ) എന്നിവരെ കോടതി റിമാന്റ് ചെയ്തു.
ഇന്നലെ രാവിലെ 10.30 ഓടെ പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഇവർ കഞ്ചാവ് ചെറിയ പൊതികളാക്കുകയായിരുന്നു. പൊലീസിനെ കണ്ട് വാവകൃഷ്ണ രക്ഷപ്പെട്ടു. കഴക്കൂട്ടം, തുമ്പ, കുളത്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത്. വാവ കൃഷ്ണക്കെതിരെ വഞ്ചിയൂർ, കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ മേൽനോട്ടത്തിൽ തുമ്പ എസ്.ഐ. പ്രതാപചന്ദ്രൻ, ഗ്രേഡ് എസ്.ഐ.ഷാജഹാൻ, അഡിഷണൽ എസ്.ഐ.മാരായ സുരേഷ്കുമാർ,ശ്യാം, സി.പി.ഒ.മാരായ അരുൺ, എബിൻ, അൻവർ, ബിനു, സജി,അരുൺ, വനിതാ സി.പി.ഒ മാരായ ജാസ്മിൻ, റീജ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.












Click it and Unblock the Notifications