ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ ദുരന്തം ഒഴിവായി, പൊട്ടിത്തെറി അടുക്കളയോട് ചേർന്ന് ഷെഡ്ഡിൽ!!
പൂവാർ: വീടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഷെഡ്ഡിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു. ആർക്കും ആളപായമില്ല. വൻ ദുരന്തമാണ് ഒഴിവായത്. തിരുപുറം മുള്ളുവിളയിൽ ഐശ്വര്യ ഭവനിൽ മുനിസിപ്പൽ ജീവനക്കാരൻ ബി.ടി. സുരേഷിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനു പിറകുവശത്തെ അടുക്കളയോട് ചേർന്ന് പ്രത്യേകം നിർമ്മിച്ചിട്ടുള്ള കോൺക്രിറ്റ് ഷെഡ്ഡിലാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൂവാർ ഫയർഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തിയത്. ഗ്യാസ് സിലണ്ടറിന് സമീപത്തുണ്ടായിരുന്ന വാഷിംഗ് മെഷീനും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടു സാധനങ്ങളും ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്റെ ചുവരുകളും മതിലും തകർന്നിട്ടുണ്ട്.

ഏകദേശം 30 മീറ്ററോളം ഇഷ്ടിക ചീളുകൾ തെറിച്ചു പോയി. ഇലക്ട്രിക് വയറിംഗ് എല്ലാം ഇളകി മാറിയിട്ടുണ്ട്. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്നാണ് സുരേഷ് സ്ഥലത്തെത്തിയത്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാകാമെന്ന് അസിസ്റ്റന്റ് ഫയർ ഓഫീസർ ബിബിൻ ലാൽ നായകം അറിയിച്ചു.












Click it and Unblock the Notifications