വെള്ളാപ്പള്ളിയും കുടുംബവും മോഷ്‌ടിക്കുന്നത് ശതകോടികൾ, വീണ്ടും ആരോപണവുമായി ഗോകുലം ഗോപാലൻ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണവുമായി ഗോകുലം ഗോപാലൻ. എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളിയും കുടുംബവും മോഷ്ടിക്കുന്നത് ശതകോടികളാണെന്നും വാർഷിക വരുമാനം ഏറെയുള്ള എസ്.എൻ.ഡി.പി യോഗത്തിലൂടെ ശ്രീനാരായണീയർക്ക് ഒരു നേട്ടവും ലഭിച്ചിട്ടില്ലെന്നും ഗോകുലം ഗോപാലൻ ആരോപിച്ചു. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി സംയുക്ത സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹൈക്കോടതി വിധി അട്ടിമറിക്കാനാണ് ശ്രമം. ആരാണ് വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തതും നേതാവാക്കിയതും. ബന്ധുക്കളും ജോലിക്കാരും മാത്രം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണോ കേരളത്തിലെ ഈഴവരുടെ നേതാവിനെ കണ്ടത്തേണ്ടത്. ഈഴവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിലെ എല്ലാ ശ്രീനാരായണീയർക്കും നേടിക്കൊടുക്കാനായാണ് ഈ സമരം നടത്തുന്നതെന്നും മാർച്ചിൽ ഗോകുലം ഗോപാലൻ പ്രതികരിച്ചു.

കേരളത്തിലെ ശ്രീനാരായണീയർക്ക് കാൽനൂറ്റാണ്ടായി അവരുടെ ശബ്‌ദം നഷ്‌ടപ്പെട്ടിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ ഗുണ്ടായിസത്തെ ഭയന്ന് ഇനിയും മിണ്ടാതിരിക്കാൻ തനിക്കാവില്ല. വെള്ളാപ്പള്ളി കുടുംബാധിപത്യം അവസാനിപ്പിച്ചില്ലെങ്കിൽ അത് ഗുരുനിന്ദയാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ തിരിച്ചു പിടിക്കണം.വെള്ളാപ്പള്ളി ഒരു അഴിമതിക്കാരനാണെന്ന് കൊച്ച് കുഞ്ഞുങ്ങൾക്ക് വരെ അറിയാം. പക്ഷേ അദ്ദേഹം അതിനെ ഒരു പുരസ്കാരമായാണ് കാണുന്നത്. തോൽക്കുമെന്ന ഭീതി മൂലമാണ് വെള്ളാപ്പള്ളി ജനാധിപത്യ തെരഞ്ഞെടുപ്പിനെ എതിർക്കുന്നത്. ജീവൻ നഷ്ടപ്പെട്ടാലും എസ്.എൻ.ഡി.പിയെ വെള്ളാപ്പള്ളിയിൽ നിന്ന് മോചിപ്പിക്കുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഹൈക്കോടതി വിധിയനുസരിച്ച്, അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകി എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എസ്.എൻ.ഡി.പി യോഗം സംയുക്ത സമരസമിതിയുടെ ആവശ്യം. വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റും തുടർച്ചയായി ആറുവർഷം ഫയൽ ചെയ്യാതിരുന്നതുമൂലം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുകയാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ വ്യക്തമാക്കിയിരുന്നു.

ഇതിന് മുമ്പും വെള്ളാപ്പള്ളി നടേശനെതിരെ ഗോകുലം ഗോപാലൻ രംഗത്തെത്തിയിരുന്നു. അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശന്‍ നേതാവായി വന്നത് മുതല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പൂര്‍ണരൂപം മറ്റൊന്നായി തീര്‍ന്നോയെന്ന് തനിക്കറിയില്ലെന്നായിരുന്നു ഗോകുലം ഗോപാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ പൂര്‍ണരൂപം മലയാളത്തില്‍ പറഞ്ഞാല്‍ ഗോകുലം ഗോപാലന് പൂച്ചെണ്ട് നല്‍കാമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് മറുപടിയായാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications