ഗ്രാനൈറ്റ് പാളി വീണു മരിച്ച തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു
ഉഴമലയ്ക്കൽ : ഗ്രാനൈറ്റ് പാളി ദേഹത്തു വീണു മരിച്ച ഉഴമലയ്ക്കൽ ചക്രപാണിപുരം അനുരാഗ് ഭവനിൽ സുരേഷ്‌കുമാർ (49,വിജയൻ) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്നലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച മൃതദേഹം കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ഞായറാഴ്ച ഉച്ചയോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുരേഷ് കുമാർ രാത്രിയോടെയാണ് മരിച്ചത്.
നിർമാണ തൊഴിലാളിയായ സുരേഷ്കുമാറായിരുന്നു കുടുംബത്തിന്റെ അത്താണി.ഉഴമലയ്ക്കൽ എസ്. എൻ. എച്ച്. എസ്. എസ്സിൽ കൊണ്ടുവന്ന ഗ്രാനൈറ്റ് ഷീറ്റുകൾ ലോറിയിൽ നിന്നും ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഞായറാഴ്ച അപകടമുണ്ടായത്. തൊഴിലാളികൾ മുകളിൽ നിൽക്കവേ ലോറി മുന്നോട്ടെടുത്തതാണ് അപകടം ഉണ്ടാകാൻ കാരണമായത്.

വണ്ടി അനങ്ങിയതോടെ ലോറിയിൽ ചരിച്ച് അടുക്കിവച്ചിരുന്ന മാർബിൾ പാളികൾ സുരേഷിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഏറെനേരം പണിപ്പെട്ടാണ് ഗ്രാനൈറ്റ് പാളികൾ ഉയർത്തി മാറ്റി സുരേഷിനെ പുറത്തെടുത്തത്. ഭാര്യ : അനിതകുമാരി. ഡിഗ്രി വിദ്യാർത്ഥിയായ അഞ്ജനയും പ്ലസ്‌ടു വിദ്യാർത്ഥിയായ അനുരാഗും മക്കളാണ്.


Click it and Unblock the Notifications