ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ പുറത്തേക്ക്, ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബറിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. പുതിയ വിവാഹം കഴിക്കാനായി കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ഗ്രീഷ്മ. ഷാരോണിന്റെ മരണത്തില്‍ ആദ്യം അസ്വാഭാവികത തോന്നിയിരുന്നില്ല.
എന്നാല്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ പങ്ക് വെളിവായത്. നെടുമങ്ങാട് പൊലീസ് ആണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തമിഴ്‌നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. അതിനിടെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നുമാണ് ഗ്രീഷ്മയും കൂട്ടുപ്രതികളും പറയുന്നത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
മുമ്പും ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഷാരോണിന്റെ കോളജില്‍ പോയി മടങ്ങിയ വരുന്ന വഴി ജ്യൂസില്‍ പാരസെറ്റമോള്‍ കലര്‍ത്തിയായിരുന്നു ഗ്രീഷ്മ കൃത്യം ആസൂത്രണം ചെയ്തത്. അന്നും അസ്വസ്ഥകള്‍ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിലാക്കിയെങ്കിലും ആരോഗ്യം മെച്ചപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നല്‍കാന്‍ തീരുമാനിച്ചത്. നേരത്തേയും ജ്യൂസ് ചലഞ്ച് നടത്തിയിട്ടുള്ളതിനാല്‍ കഷായം കുടിപ്പിക്കാനുള്ള ഗ്രീഷ്മയുടെ ശ്രമവും വിജയിക്കുകയായിരുന്നു.
മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ, സഹോദരന്റെ സഹായത്തോടെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ ആത്മഹത്യ പ്രവണതയുള്ളതിനാല്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications