സംരക്ഷിത മേഖല ആക്കുന്നതിന് എതിര്; അമ്പൂരിയിൽ നാളെ ഹർത്താൽ; ആശങ്കയിൽ ആദിവാസി ഊരുകൾ
തിരുവനന്തപുരം: അമ്പൂരിയിൽ നാളെ ഹർത്താൽ. പേപ്പാറ , നെയ്യാർ എന്നീ വന്യജീവി സങ്കേതങ്ങൾക്ക് സമീപമുള്ള പ്രദേശം സംരക്ഷിത മേഖല ആക്കുന്നതിന് എതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ നടത്തുക.
വിഷയത്തിലെ കരട് വിജ്ഞാപനത്തിന് എതിരെ കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. അമ്പൂരി സംരക്ഷിത മേഖല ആയാൽ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്റുകൾ ഒറ്റപ്പെടുമോ എന്ന ആശങ്കയാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.
നെയ്യാർ, അമ്പൂരി, വിതുര, കള്ളിക്കാട്, വാഴിച്ചൽ, മണ്ണൂർക്കര, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള അഞ്ച് വില്ലേജുകൾ ഇവയാണ്. അമ്പൂരി, കള്ളിക്കാട് എന്നീ പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനവാസ പ്രദേശങ്ങളും ഈ പട്ടികയിൽ ഉൾപ്പെടും. വന വിസ്തൃതിയെ അടിസ്ഥാനമാക്കി 2014 - ൽ അതിര് നിശ്ചയിച്ചിരുന്നു. അന്ന് നിലവിലെ ജനവാസ പ്രദേശങ്ങളെ എല്ലാം കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതാണ് നാട്ടുകാർ വ്യക്തമാക്കുന്ന പ്രധാന ആക്ഷേപം. ഇതിന് പുറമെ ഏരിയൽ സർവേയുടെ ഭാഗമായി റബർ തോട്ടങ്ങളെ പോലും വനമായി കണക്കാക്കിയതായും നാട്ടുകാർ പരാതി പറയുന്നു. അതേസമയം, അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും പുരവിമല ഉൾപ്പെടെയുളള ആദിവാസി സെന്റിൽമെന്റുകളിലേക്ക് പാലം പണി നിലവിൽ നടക്കുകയാണ്. നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് പിന്നാലെ ആണ് ഇപ്പോൾ പാലം പണിയുന്നത്.
ഈ പ്രദേശത്തെ സംരക്ഷിത വന മേഖലയായി പ്രഖ്യാപിച്ചാൽ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കുളള നിയന്ത്രണം ഈ പാലത്തെയും ബാധിച്ചേക്കാം എന്ന ആശങ്കയയും നിലനിൽക്കുന്നു. അതേസമയം, സംരക്ഷിത മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് ഒന്നും അനുമതി നൽകില്ല. വീട് നിർമാണം, റോഡ് വികസനം, കൃഷി, മരം മുറി, ബഫർ സോണിൽ നിയന്ത്രണങ്ങൾ എന്നിവയ്ക്കും ഇത് ബാധകം ആയിരിക്കും.
അമ്പൂരിയിൽ കർഷകരും ചെറുകിട കച്ചവടക്കാരുമാണ് കൂടുതൽ ഉളളത്. അത്തരത്തിലുളള ഈ പ്രദേശത്ത് നിയന്ത്രണങ്ങൾ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. അതേസമയം, ഹർത്താൽ നടത്തുന്ന ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം എന്നത് ബഫർ സോൺ പൂർണമായി ഒഴിവാക്കണം എന്നതാണ്. കാട്ടാക്കട എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരി ആയാണ് നിലവിലെ ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്.
'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ ?
അതേസമയം, വിഷയം ചർച്ച ചെയ്യുന്നതിലേക്കായി വരുന്ന വെള്ളിയാഴ്ച യോഗം ചേരും. വനം മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കും എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്ന വിശദീകരണം.