തിരുവനന്തപുരം നഗരത്തിൽ വൻ ഹാഷിഷ് ഓയിൽ വേട്ട: ഹാഷിഷ് ഓയില്‍ എത്തിച്ചത് ആന്ധ്രയില്‍ നിന്ന്!
തിരുവനന്തപുരം: ക്രിസ്മസ് -ന്യൂ ഇയർ പ്രമാണിച്ച് നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ആന്ധ്രയിൽ നിന്നു കൊണ്ടു വന്ന ഹാഷിഷ് ഓയിലുമായി മൂന്നംഗ സംഘം പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന 1.350 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ആക്കുളം ബൈപാസ് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.
നെടുമങ്ങാട് തൊളിക്കോട് സ്വദേശി അജിത്ത് (22), ചെറ്റച്ചൽ സ്വദേശി ആഷിക് (18), മന്നൂർക്കോണം സ്വദേശി അസിം (22) എന്നിവരാണ് അറസ്റ്റിലായത്. അജിത്തും ആഷിക്കും ചേർന്ന് ആന്ധ്രയിൽ നിന്നു കൊണ്ടു വന്ന ഹാഷിഷ് ഓയിൽ വില്പനയ്ക്കായി അസിമിന് കൈമാറുമ്പോഴാണ് ഇവർ പിടിയിലായത്. പ്രതികളിലൊരാൾ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും എക്സെെസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീകാര്യം എൻജിനിയറിംഗ് കോളേജ് പരിസരത്തെ വാടക റൂമിൽ താമസിച്ചു നഗരത്തിലും നെടുമങ്ങാട് മേഖലയിലും കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ.

പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് കേസുകൾ നിലവിലുണ്ടെന്നും എക്സെെസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സെെസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ദീപുകുട്ടൻ, സുനിൽരാജ്, ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ശിവൻ, ഷാജികുമാർ, രാജേഷ്കുമാർ, സുബിൻ, ഷംനാദ്, മണികണ്ഠൻ, പ്രവീൺ, ഡ്രൈവർ സുധീർ എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications