പ്രളയ ബാധിതര്‍ക്ക് ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ എച്ച്ആര്‍ഡിഎസ്
തിരുവനന്തപുരം: ഇടുക്കിയില്‍ പ്രളയദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായി സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) സെക്രട്ടറി അജി കൃഷ്ണന്‍.
കട്ടപ്പന അണക്കരയിലെ തന്റെ ഒന്നേക്കാല്‍ ഏക്കര്‍ സ്ഥലം നല്‍കാനുളള സന്നദ്ധത ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിക്കുകയായിരുന്നു. ഈ സ്ഥലത്ത് സംഘടന 25 വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കും. 450 സ്‌ക്വയര്‍ ഫീറ്റില്‍ കൂട്ടിഘടിപ്പിക്കാവുന്നതും ഇളക്കിമാറ്റാവുന്നതുമായ പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിര്‍മ്മിക്കുക.

വയനാട്ടില്‍ സദ്ഗ്രഹ എന്ന പേരില്‍ ആദിവാസികള്‍ക്ക് സംഘടന സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. അവിടെ നിലവില്‍ 161 വീടുകളുടെ പണി പുരോഗമിക്കുകയാണ്. പൂര്‍ത്തിയായ 30 വീടുകള്‍ ഇതിനകം ആദിവാസി കുടുംബങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇക്കാര്യം അറിഞ്ഞ വൈദ്യുതി മന്ത്രി എം എംമണി ദുരിതബാധിതരെ സഹായിക്കണമെന്ന് ആശ്യപ്പെട്ടതു പ്രകാരമാണ് ഇടുക്കിയില്‍ ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്ന് അജി കൃഷ്ണന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. സി.വി. വിവേകാനന്ദന്‍, ചിറ്റാര്‍ പ്രസന്നന്‍, എ എം നസീര്‍, ജോയ് മാത്യു തുടങ്ങിയവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
സൊസൈറ്റി നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ആദിവാസി ഗോത്രഭവനം. വയനാട് ജില്ലയിലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തില്‍ 200 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ത്രിപുര, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലൊട്ടാകെ വീടില്ലാത്ത ആദിവാസി ജനവിഭാഗങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയെന്നതാണ് എച്ച്ആര്‍ഡിഎസിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications